ടിബറ്റ് : ടിബറ്റില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങി ചൈന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കമ്ബനിയെ ചുമതലപ്പെടുത്തിയെന്നും പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രോ പവര്‍ പ്രോജക്ടിന് ചൈന രംഗത്തിറങ്ങുന്നതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബ്രഹ്മപുത്ര നദിയിലാണ് ചൈന അണക്കെട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ടിബറ്റില്‍ ഉത്ഭവിച്ച്‌ ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. 2021-25 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. യാര്‍ലുങ് സാങ്‌ബോ നദി എന്നാണ് ബ്രഹ്മ പുത്രയുടെ ടിബറ്റന്‍ പേര്. ‘ചൈനീസ് ഹൈഡ്രോവര്‍ മേഖലയിലെ ചരിത്രപരമായ അവസരം’ എന്നാണ് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന ചെയര്‍മാന്‍ യാന്‍ സ്യോങ് പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ ഇതിനുളള നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിര്‍മ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്.

തുടര്‍ന്ന് ഇന്ത്യ, ബംഗ്ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.മെഡോഗ് പ്രവിശ്യയില്‍ ചൈന വന്‍കിട അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഏറെ നാളുകളായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.  വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണ് ചൈന പുതിയ ഡാം നിര്‍മ്മിക്കുന്നത്. ഇതിലൂടെ രാജ്യത്ത് പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് ചൈനീസ് അധികൃതരുടെ കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here