ഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തി സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്. പാംഗോങ് മേഖലയില്‍ ഇന്ത്യ- ചൈന സേനകള്‍ പിന്മാറ്റം സംബന്ധിച്ച് ധാരണയില്‍ എത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏപ്രിലിന് ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും മന്ത്രി അറിയിച്ചു. ‘ചൈനയുമായി നടത്തിയ ചർച്ചയിൽ പാംഗോങ് തടാകത്തിന്റെ തെക്ക്- വടക്ക് മേഖലകളിൽ നിന്ന് സേനകൾ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിക്കും.’- രാജ്നാഥ് സിങ് പറഞ്ഞു.
ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പരമാധികാരം നിലനിർത്തുന്നുവെന്ന് ഇന്ത്യ ഉറപ്പുവരുത്തുകയും അത് തുടരുകയും ചെയ്യും. നമ്മുടെ ധാരണകൾക്ക് വിപരീതമായി ചൈന നിയന്ത്രണ രേഖയിലേക്ക് വലിയ തോതിൽ സേനയെ അയച്ചു. ചൈനയെ പ്രതിരോധിച്ച് നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയും സൈനികബലം ശക്മാക്കി- രാജ്നാഥ് സിങ് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ ചില പ്രശ്നങ്ങളിൽ കൂടി ധാരണയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ നടപടി സമാധാനം തകര്‍ക്കുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ചൈന വലിയ തോതില്‍ സൈനികനീക്കം നടത്തി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
പാംഗോംങ് തടാകത്തിലെ ഫിംഗര്‍ മൂന്ന് മലനിരകളിലേക്ക് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങും. ചൈനീസ് സേന ഫിംഗര്‍ എട്ട് മലനിരയിലേക്ക് പിന്‍വാങ്ങും എന്നാണ് ഇപ്പോള്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടയിലുളള മേഖലകള്‍ നോണ്‍പട്രോളിങ് സോണായിരിക്കുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അത്തരമൊരു ഒത്തുതീര്‍പ്പിലാണ് ഇരുരാജ്യങ്ങളും എത്തിയത്. അതിർത്തിത്തർക്കം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞവർഷം മേയ് മുതൽ ഇരു സൈന്യങ്ങളും സംഘർഷത്തിലാണ്.
പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽനിന്ന് ഇന്ത്യൻ- ചൈനീസ് സംഘങ്ങൾ പിൻവാങ്ങാൻ ആരംഭിച്ചതായി ചൈന ഇന്നലെ അറിയിച്ചിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ വു ക്വിയാനാണ് ഇക്കാര്യം അറിയിച്ചത്. പാംഗോങ് തടാകത്തിന്റെ തീരത്തുള്ള ഇരുരാജ്യങ്ങളുടെയും സൈനികർ ഫെബ്രുവരി 10 മുതൽ പിൻവാങ്ങുമെന്നാണു വു ക്വിയാന്റെ പ്രസ്താവനയിൽ പറഞ്ഞത്. ഇതിനോടാണ് രാജ്നാഥ് സിങ് ഇന്ന് രാജ്യസഭിയിൽ പ്രതികരിച്ചത്.