തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പുതുതായി ആര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. ചികിത്സയിലുണ്ടായിരുന്ന കോട്ടയത്തെ ആറും പത്തനംതിട്ടയിലെ ഒന്നും രോഗികള്‍ മുക്തരായി.
സംസ്ഥാനത്ത് 502 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇനി 30 പേരാണ് ചികിത്സയിലുള്ളത്. 14,670 പേര് നിരീക്ഷണത്തിലുണ്ട്. എട്ടു ജില്ലകള്‍ കോവിഡ് മുക്തമായിട്ടുണ്ട്.
ലോക്ഡൗണ്‍ കാരണം വിദേശത്തു കുടുങ്ങിയ മലയാളികള്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്ത്ഥിച്ചതായു മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പുലര്‍ത്തണം. വിമാനത്താവളം മുതല്‍ ജാഗ്രത വേണം. അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്യാമ്പില്‍ നിരീക്ഷണം ഏഴു ദിവസമായിരിക്കും. ബുധനാഴ്ച മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവശേഷിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷകള്‍ മേയ് 21നും 29നും ഇടയില്‍ നടത്താനാണ് ശ്രമിക്കുന്നത്. അടുത്ത അധ്യയനവര്‍ഷത്തില്‍ ജൂണ്‍ ഒന്നിന് ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടങ്ങാനാണ് ശ്രമമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.