കൊച്ചി | ഐ.സി.എല്‍ ഫിന്കോര്പ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന ഉത്തരവ് കോടതി തിരുത്തി. ആധികാരികതയില്ലാത്ത അപകീര്‍ത്തികരമായ പ്രസ്താവനയോ വാര്‍ത്തയോ ഒഴികെ, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ തടസമില്ലെന്നു വ്യക്തമാക്കിയാണ് താല്‍ക്കാലിക നിരോധന ഉത്തരവ് ഇടക്കാല ഉത്തരവിലൂടെ എറണാകുളം മുന്‍സിഫ് കോടതി തിരുത്തിയത്.
ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനും അംഗങ്ങള്‍ക്കുമെതിരെയാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്മാന് അനില്‍ കുമാര്‍ കോടതിയെ സമീപിച്ചതും വിലക്ക് സമ്പാദിച്ചതും. ഐ.സി.എല്ലിലെ ചില ഇടപാടുകള്‍ക്കെതിരെ നിക്ഷേപകര്‍ സ്വീകരിച്ച നിയമനടപടികള്‍ വാര്‍ത്തയായതിനു പിന്നാലെയായിരുന്നു കമ്പനിയുടെ നീക്കം. വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയും കേസുകള്‍ ഫയലു ചെയ്തു നിശബ്ദരാക്കാനുള്ള ശ്രമവും ഉണ്ടായി. ഇതിനിടെയാണ്, ശരിയായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു വിലക്കില്ലെന്ന് കോടതിയും വ്യക്തമാക്കിയിരിക്കുന്നത്.
കോടതിയുടെ നിരോധന ഉത്തരവിന്റെ മറവില്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനെതിരെയും അംഗങ്ങള്‍ക്കെതിരെയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് തുടരെ പരാതികളും കേസുകളും നല്‍കുകയാണെന്നും ഇത് കോടതി ഉത്തരവിന്റെ ദുരുപയോഗമാണെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ അഭിഭാഷകന് രാജേഷ് കുമാര്‍ ടി.കെ വാദിച്ചു. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാര്‍ത്തകളുമായി സംഘടന മുമ്പോട്ടു പോകുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് എന്നിവര്‍ വ്യക്തമാക്കി. ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവരാണ് എഡിറ്റേഴ്സ് ഗില്‍ഡിനു വേണ്ടി ഹാജരായത്.