കോവിഡ് വാക്സിൻ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുത്തിവെപ്പ് എടുക്കുന്നവർക്ക് പല തരത്തിലുള്ള സൗജന്യങ്ങളും നൽകുന്ന രീതി ലോകത്ത് മിക്ക രാജ്യങ്ങളിലും നിലവിൽ ഉണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ല. കുത്തിവെപ്പ് എടുക്കുന്നവർക്ക് രണ്ട് കിലോ തക്കാളി വീതമാണ് ജില്ലാ ഭരണകൂടം നൽകുന്നത്. കുത്തിവെപ്പ് എടുക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു.

ബിജാപൂർ ജില്ലയിൽ കോവിഡ് വാക്സിൽ നൽകുന്ന എല്ലാ ആശുപത്രികളിലും കുത്തിവെപ്പിന് ഒപ്പം രണ്ട് കിലോ തക്കാളിയും നൽകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥാനായ പുരുഷോത്തം സല്ലൂർ വാർത്താ ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞു. പച്ചക്കറി കടക്കാരോട് അഭ്യർത്ഥിച്ചത് പ്രകാരം ഇവർ മുനിസിപ്പാലിറ്റികളിൽ തക്കാളി നൽകുകയാണെന്നും ഞങ്ങളുടെ ശ്രമം വിജയിച്ചതായാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് 40 രൂപയാണ് ഒരു കിലോ തക്കാളിയുടെ മാർക്കറ്റ് വില. രണ്ട് കിലോ തക്കാളി കുത്തിവെപ്പ് എടുക്കുന്നതിനോടൊപ്പം ലഭിക്കുന്നുണ്ടെന്ന് കണ്ടതോടെ വൻതോതിൽ ആളുകൾ വാക്സിൽ എടുക്കാനായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വാക്സിൽ നൽകുന്ന ജില്ലയിലെ എല്ലാ ആശുപത്രികളിലും ഈ തിരക്ക് പ്രകടമാണ്.

അടുത്തിടെ സാന്റിയാഗോയിലെ ഒരു ഹോട്ടൽ ശൃഖലയും വാക്സിൻ എടുത്തവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് അറിയിച്ച് മുന്നോട്ട് വന്നിരുന്നു. വാക്സിൽ എടുത്തവർക്ക് ചൊവ്വാഴ്ച്ചകളിൽ ഒരു ഡോളർ വിലയുള്ള പിസ നൽകുമെന്നാണ് സ്ഥാപനം അറിയിച്ചിരിക്കുന്നത്. കുത്തിവെപ്പ് എടുത്തെന്ന് കാണിച്ചുള്ള സർട്ടിഫിക്കറ്റ് കാണിക്കുന്നവർക്ക് ആയിരിക്കും ഈ സൗജന്യം. കൂടുതൽ ആളുകളെ വാക്സിൻ എടുക്കുന്നതിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിലെന്നും സ്ഥാപനം അറിയിച്ചിരുന്നു.

അമേരിക്കയിലും വാക്സിൻ എടുക്കുന്നവർക്ക് പല തരത്തിലുള്ള സൗജന്യങ്ങളുമായി നിരവധി കമ്പനികൾ രംഗത്ത് എത്തിയിരുന്നു. വാക്സിൻ എടുത്തു എന്ന സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഒറിജിനൽ ഗ്ലേസഡ് ഡോണട്ട് എന്ന ഒരു തരം കേക്ക് നൽകുമെന്നാണ് ക്രിസ്പി ക്രീം എന്ന സ്ഥാപനം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഏത് ബ്രാഞ്ചുകളിലും എല്ലാ ദിവസവും ഇത് ലഭ്യമാകും എന്ന് ക്രിസ്പി ക്രീം വ്യക്തമാക്കിയിരുന്നു. ഫ്രീ റൈഡ്, പെയ്ഡ് ലീവുകൾ, ഗിഫ്റ്റ് കാർഡ് തുടങ്ങിയ ധാരാളം രീതികൾ പല കമ്പനികളും ജോലിക്കാരെ വാക്സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയിട്ടുണ്ട്.

ഘട്ടം ഘട്ടമായാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ നൽകുന്നത്. നിലവിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് സൗജന്യമായി ഇന്ത്യയിൽ വാക്സിൻ നൽകുന്നത്. നേരത്തെ 60 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകിയിരുന്നത്. മെയ് മാസം മുതൽ 18 വയസിന് മുകളിൽ ഉള്ളവർക്കും വാക്സിൻ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. കോവിഡ് കേസുകൾ വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ഊർജ്ജിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനിടെ ആവശ്യത്തിന് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് പല സംസ്ഥാനങ്ങളും രംഗത്ത് എത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here