തിരുവനന്തപുരം: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി അന്വേഷണത്തില്‍ തുടര്‍ നടപടികളുമായി സി.ബി.ഐ. മുന്നോട്ട്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നും സി.ബി.ഐ.കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതികള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ഉണ്ടായിരുന്നില്ലെന്നും തെളിവുകളും കണ്ടെത്തലുകളും മനസ്സിലാക്കാതെയാണ് പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നിഷേധിച്ചതെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും ആരോപണവിധേയര്‍ ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയര്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് സി.ബി.ഐ പറയുന്നത്.മുൻ എംഡി കെ എ രതീഷും, മുൻ ചെയർമാൻ ആർ ചന്ദ്രശേഖറും അടക്കമുള്ളവർ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ പറയുന്നു. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിലും മുന്നോട് പോകാനാണ് സിബിഐ തീരുമാനം.
അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സംസ്ഥാന സർക്കാർ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഒന്നാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡിയുമായ കെ എ രതീഷ്, മൂന്നാം പ്രതിയും മുൻ ചെയർമാനുമായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖർ എന്നിവരടക്കമുളള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുളള സിബിഐയുടെ അപേക്ഷ സംസ്ഥാന സർക്കാർ തളളിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി.