ആവേശം നിറഞ്ഞ കൊൽക്കത്ത-ചെന്നൈ പോരാട്ടത്തിൽ അവസാന നിമിഷത്തിൽ മത്സരം പിടിച്ചെടുത്ത് ധോണിയും സംഘവും. തല തല്ലിചതച്ചിട്ടും വാലിൽ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ച കമ്മിൻസിന്റെ പ്രകടനം അവസാന നിമിഷത്തിൽ പാഴായി. ചെന്നൈ ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ട്‌ ആവുകയായിരുന്നു. ഏറെ വിമർശനം നേരിട്ടിരുന്ന കൊൽക്കത്തയുടെ മധ്യനിരയുടെ കരുത്തിലാണ് ടീം ഈ സ്കോറിലെത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി റസലും, കമ്മിൻസും, കാർത്തിക്കും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ചെന്നൈക്ക് വേണ്ടി ദീപക് ചഹർ നാല് വിക്കറ്റുകളും, ലുങ്കി എങ്കിടി മൂന്ന് വിക്കറ്റുകളും നേടി.

വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്. ടീം സ്കോർ 31ൽ എത്തിയപ്പോൾ ടോപ് ഓർഡർ ബാറ്റ്സ്മാൻമാരെല്ലാം കൂടാരം കയറിയിരുന്നു. ഒരു റൺസ് സ്കോർ ബോർഡിൽ ചേർന്നപ്പോഴേക്കും ഓപ്പണർ ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായി പുറത്തായി. പിന്നാലെ കൃത്യമായ ഇടവേളകളിൽ റാണയും, മോർഗനും, നരെയ്‌നും, ത്രിപാടിയും ഡ്രസിങ് റൂമിൽ തിരിച്ചെത്തുകയായിരുന്നു.

ശേഷം ക്രീസിലൊരുമിച്ച കാർത്തിക്കും റസലും കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകി. വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത റസൽ 22 പന്തിൽ നിന്നും ആറ് സിക്സുകളും, 3 ബൗണ്ടറികളും സഹിതം 54 റൺസാണ് താരം നേടിയത്. പിന്നീട് ക്രീസിലെത്തിയ പാറ്റ് കമ്മിൻസും ഉജ്ജ്വല ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഇതിനിടയിൽ 24 പന്തിൽ 40 റൺസെടുത്ത് കാർത്തിക്കും മടങ്ങി. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 20 റൺസ് വേണമായിരുന്നു. ഒരു വിക്കറ്റ് മാത്രം കൈയിലുള്ളപ്പോൾ തകർപ്പൻ ഫോമിൽ നിന്നിരുന്ന കമ്മിൻസ് അവസാന ഓവറിലെ ആദ്യ പന്തിൽ ഡബിളിന് ശ്രമിച്ചു. എന്നാൽ പ്രസീദ് കൃഷ്ണ റൺ ഔട്ട്‌ ആവുകയായിരുന്നു. 34 പന്തിൽ നിന്നും പുറത്താകാതെ 66 റൺസാണ് കമ്മിൻസ് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീമിന് വേണ്ടി ഫാഫ്- ഗെയ്ക്വാട് സഖ്യം ഗംഭീര തുടക്കമാണ് നൽകിയത്. 60 പന്തിൽ നിന്നും പുറത്താകാതെ 20 ഓവർ ക്രീസിൽ ചെലവഴിച്ചുകൊണ്ട് 95 റൺസ് നേടിയ ഡുപ്ലെസിയുടെ പ്രകടനമാണ് ചെന്നൈയെ 220 എന്ന വമ്പൻ സ്കോറിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗെയ്ക്വാട് വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 42 പന്തിൽ നിന്നും നാല് സിക്സും ആറ് ബൗണ്ടറികളും സഹിതം 64 റൺസ് നേടിയ ഗെയ്ക്വാടാണ് പുറത്തായത്.

ഗെയ്ക്വാടിന് പകരമെത്തിയ മൊയീൻ അലി, ഡുപ്ലെസിക്ക് മികച്ച പിന്തുണ നൽകിക്കൊണ്ട് ക്രീസിൽ നിന്നു. അപ്പോഴും ബൗളർമാരുടെ ലൈനോ, ലെങ്ത്തോ ഒന്നു പിഴച്ചാൽ അതിർത്തി കടത്താനും അലി മറന്നില്ല. 12 ബോളിൽ നിന്നും 25 റൺസിന്റെ തകർപ്പൻ പ്രകടനം കാഴ്ച വെച്ചാണ് അലി വീണത്. ആരാധകരെ അത്ഭുതപ്പെടുത്തി ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം എടുത്ത് ധോണിയാണ് പിന്നീട് ക്രീസിലെത്തിയത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ തകർപ്പൻ ക്യാച്ചിലൂടെയാണ് മോർഗൻ 8 ബോളിൽ നിന്നും 17 റൺസെടുത്ത ധോണിയെ വീഴ്ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here