ചെങ്ങന്നൂരിനെ ചെങ്കടലാക്കി ചരിത്രം കുറിച്ച് സജി ചെറിയാന്‍, പ്രതികരണങ്ങള്‍

0

ആലപ്പുഴ: തപാല്‍ വോട്ടു മുതല്‍ അവസാനം വരെ വ്യക്തമായ ലീഡ് നിലനിര്‍ത്തി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നേടിയത് റെക്കോര്‍ഡ് വിജയം. യു.ഡി.എഫ്. പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും തുടങ്ങി ബി.ജെ.പി തട്ടകമായ തിരുവന്‍വണ്ടൂരിലൂടെ സ്വന്തം തട്ടകങ്ങളില്‍ ലീഡ് ഉയര്‍ത്തിയാണ് സജി ചെറിയാന്‍ മുന്നേറിയത്. കഴിഞ്ഞ 30 വര്‍ഷത്തെ എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന്റേത്.

ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ആ ജനങ്ങള്‍ വിധി പറഞ്ഞുവെന്ന് പറഞ്ഞു. അഭൂതപൂര്‍വ്വമായ ഐക്യദാര്‍ഢ്യമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതിശക്തമായ അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ സത്യത്തെ കാണാനുള്ള ജനങ്ങളുടെ കഴിവിന്റെ നിദര്‍ശനമായി വിജയത്തെ കാണുന്നു. ഒപ്പം തനിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച ചാനല്‍ അവതാരകരെ കടന്നാക്രമിക്കുകയും ചെയ്തു.

എല്‍.ഡി.എഫിന്റെ ചരിത്ര വിജയമാണ് ചെങ്ങന്നൂരിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിത്. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് തെരഞ്ഞെടുപ്പെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും കോടിയേരി ചോദിച്ചു.

അധികാര ദുര്‍വിനിയോഗത്തിലൂടെയും പണാധിപത്യത്തിലൂടെയും വര്‍ഗീയ ധ്രുാീകരണത്തിലൂടെയും എല്‍.ഡി.എഫ് നേടിയ വിജയമാണ് ചെങ്ങന്നൂരിലേതെന്നു കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു.

തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. വിജയം മുഖ്യമന്ത്രി പിണറായി വിജയന്റേതും സര്‍ക്കാരിന്റേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടു ചേര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സി.പി.എം വോട്ടു കച്ചവടം ആരോപിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയും രംഗത്തെത്തി. തോല്‍വി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here