തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അനാഥമായ ബാല്യങ്ങള്‍ക്ക് കൈത്താങ്ങുമായി ബോബി ചെമ്മണൂര്‍. ജപ്തി നടപടിക്കിടെ ദമ്ബതികള്‍ തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും അവരുടെ മക്കള്‍ക്ക് വേണ്ടി വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്ക്ക് വാങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ എഗ്രിമെന്റ് രാജന്റെ വീട്ടില്‍ വച്ച് ബോബി ചെമ്മണൂര്‍ രണ്ട് കുട്ടികള്‍ക്കും കൈമാറും.
കുട്ടികള്‍ക്കായി വീട് ഉടനെ പുതുക്കി പണിയാനാണ് ബോബി ചെമ്മണൂരിന്റെ തീരുമാനം. വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും അദ്ദേഹം തന്നെ ഏറ്റെടുക്കും.ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ തന്നെ ഞങ്ങള്‍ക്ക് വീട് വച്ചുതന്നാല് മതി. ഈ മണ്ണ് വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല..’ നെയ്യാറ്റിന്‍കരയില്‍ നിന്ന് കേട്ട കണ്ണീരിന്റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തില്‍ പതിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് സഹായ ഹസ്തവുമായി ബോബി ചെമ്മണൂരെത്തിയത്. തര്‍ക്കമുന്നയിച്ച ആളില്‍ നിന്നും ആ ഭൂമി വാങ്ങി കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്താണ് ബോബി ചെമ്മണൂര്‍ കയ്യടി നേടുന്നത്.
‘തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി.’ എന്നാണ് ബോബി ചെമ്മണൂര്‍ പറയുന്നത്. കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരിക്കുന്നത്.