കൊച്ചി: ബാര്‍ കോഴ കേസില്‍ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് കെ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന് പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന് പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നൂറു കോടിയുടെ കോഴ വാങ്ങിയെന്നാണ് കെ ബാബുവിനെതിരായ കേസ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
മുന്‍ വിജിലന്‍സ് ഡയറക്ടറുടേയും ഇടത് മുന്നണി സര്‍ക്കാരിന്റെയും ഗൂഢാലോചനയാണ് കേസെന്ന് കെ ബാബു അഭിപ്രായപ്പെട്ടു. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകുമെന്നും ബാബു പറഞ്ഞു. അതേസമയം, തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉമ്മൻചാണ്ടി ഉറച്ചുനിൽക്കുന്നുവെന്നാണ് ഡൽഹിയിൽ നിന്നുള്ള വിവരം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തിലൂടെ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള നിലപാടാണ് ഉമ്മന്‍ ചാണ്ടി ചർച്ചയിൽ സ്വീകരിച്ചത്