ഉയർന്ന കോവിഡ് നിരക്ക്: കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കോവിഡ് നിരക്കുകൾ ഉയർന്നുനിൽക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കോവിഡ് നിയന്ത്രണ നടപടികൾക്ക് പിന്തുണ നൽകുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയർന്നു നിൽക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

കേരളത്തിൽ ഇന്നലെ 3459 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. ഇതാണ് ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3760 ആയി. കോവിഡ് പ്രതിരോധത്തില്‍ തുടക്കത്തിൽ പ്രശംസകളേറ്റു വാങ്ങിയ കേരള മാതൃക, കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോപണങ്ങളുടെ മുൾമുനിലയിലാണ്.

മഹാരാഷ്ട്രയിൽ ഫെബ്രുവരി ഒന്നിന് 1948 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 27 മരണങ്ങളും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 51,109 ആയി. 3289 പേർ ഇന്നലെ രോഗമുക്തി നേടി. ഇതുവരെ 19.32 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 43,701 പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

നിയന്ത്രണങ്ങൾ ഇല്ലാതായതോടെ എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഒരാഴ്ച കൊണ്ട് പതിനായിരത്തോളം രോഗികൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇതല്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരും ഉണ്ട്. ഇവരുടെ എണ്ണം കൃത്യമായി ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾക്ക് സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർ ടി പി സി ആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനമായി. ആകെ പരിശോധനയിൽ 75 ശതമാനവും ആർ ടി പി സി ആർ ആക്കാനാണ് തീരുമാനം. ആന്റിജൻ പരിശോധനയുടെ ഫലപ്രാപ്തി 50 മുതൽ 70 ശതമാനം വരെ ആണെന്നതിനാൽ കോവിഡ് സ്ഥിരീകരണത്തിന് ആർ ടി പി സി ആർ തന്നെ ഉപയോഗപ്പെടുത്തും.

ഇതുൾപ്പെടെ കോവിഡ് രോഗവ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നോഡൽ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു. ആന്റിജനു പകരം ആർ ടി പി സി ആർ പരിശോധനയ്ക്ക് ഊന്നൽ നൽകണമെന്ന് സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും, ലബോറട്ടറികൾക്കും കർശന നിർദ്ദേശം നൽകും. ഇതിന് ചെലവ് കൂടുതലായതിനാൽ പൂൾ പരിശോധന പ്രോത്സാഹിപ്പിക്കും. അഞ്ചുപേരുടെ സാമ്പിൾ പരിശോധന ഒരുമിച്ച് നടത്തുന്നതാണ് ‘പൂൾ ടെസ്റ്റ്’.

LEAVE A REPLY

Please enter your comment!
Please enter your name here