ഇനി അച്ചടിച്ച ബജറ്റ് ഇല്ല; കേന്ദ്ര സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

ഡൽഹി: കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടിക്ക് മുന്നോടിയായുള്ള  ഹൽവ ചടങ്ങിൽ ബജറ്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഇത്തവണ ഡിജിറ്റൽ ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യൂണിയൻ ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. എം.പി മാർക്കും സാധരണ ജനങ്ങൾക്കും ബജറ്റിന്റെ വിശദാംശങ്ങൾ അനായാസം പരിശോധിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിട്ടുളളത്. ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽ ബജറ്റിന്റെ വിശദാംശങ്ങൾ ലഭ്യമാകും.

ധനകാര്യ വകുപ്പിന്റെ (ഡിഇഎ) മാർഗനിർദേശപ്രകാരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. 1947 ന് ശേഷം ആദ്യമായാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റ് വെബ് പോർട്ടലിൽ നിന്നും (www.indiabudget.gov.in) അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യാം. ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രിയുടെ ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ പൂർണ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭ്യമാകും.

നമന്ത്രി നിർമ്മല സീതാരാമൻ, സഹമന്ത്രി അനുരാഗ് താക്കൂർ, ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഹൽവ ചടങ്ങിൽ പങ്കെടുത്തു. ബജറ്റിന്റെ രസഹ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ചടങ്ങ് നടത്തുന്നത്. ഹൽവ ചടങ്ങ് കഴിഞ്ഞ് ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിൽതന്നെ കഴിയും. ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കുടുംബങ്ങളിൽനിന്ന് വിട്ടുനിൽക്കണം. സാധാരണ 100 ൽ അധികം ഉദ്യോഗസ്ഥരാണ് നോർത്ത് ബ്ളോക്കിൽ കഴിയാറുള്ളത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 40 ഉദ്യോഗസ്ഥരാണ് ബജറ്റ് അവതരണം കഴിയുന്നത് വരെ അവിടെ തുടരുക.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ന് 2021-22 വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സെഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയും രണ്ട് ഘട്ടങ്ങളായി നടക്കും. COVID-19 മഹാമാരി സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച സമയത്താണ് ഈ വർഷത്തെ ബജറ്റ് വരുന്നത്. മുക്കാൽ ഭാഗവും ചുരുങ്ങി ചരിത്രത്തിൽ ആദ്യമായി വലിയൊരു മാന്ദ്യത്തിലൂടെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നത്. ജനുവരി 29 ന് രാവിലെ 11 ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് ധനമന്ത്രിയുടെ പ്രസംഗത്തോടെ ബജറ്റ് അവതരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here