ഡല്‍ഹി: അനുദിനം വര്‍ദ്ധിക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം. എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചന തുടങ്ങിയതായി റിപ്പോര്‍ട്ട്.
എണ്ണക്കമ്പനികളും സംസ്ഥാനങ്ങളുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായിട്ടാണ് സൂചന. ദിവസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമെടുത്തേക്കും. ഇന്ധന വില വര്‍ദ്ധനവ് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ധനവിലയുടെ പകുതിയിലധികം നികുതിയാണെന്നതാണ് ജനരോഷം രൂക്ഷമാക്കുന്നത്.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ധന വില വര്‍ദ്ധനവ് പ്രതികൂല തരങ്കം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇടപെടലിന് കേന്ദ്രം ഒരുങ്ങുന്നത്.