സിബിഐ അന്വേഷണം ആരംഭിച്ചിട്ടേ ഉള്ളൂ, അന്വേഷണം പൂര്‍ത്തിയായാല്‍ അല്ലേ സത്യം കണ്ടെത്താനാകൂ ലൈഫ് മിഷനില്‍ സുപ്രീം കോടതി

ഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സിബിഐ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരു മാസമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്തിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി സംസ്ഥാനങ്ങളില്‍ എത്തുന്നത് ഗൗരവമേറിയ വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥ് കോടതിയെ അറിയിച്ചു. പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ല. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചത്.അതിനാല്‍ സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന വിജിലന്‍സ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. പൊതു അനുമതിയുണ്ടെന്നാണ് അവരുടെ വാദമെങ്കിലും അതു പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ പദ്ധതി ആയതിനാലല്ലേ വിദേശത്ത് നിന്ന് പണം ലഭിച്ചതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു. നിലവില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടല്ലേ ഉള്ളൂവെന്നും, അന്വേഷണം പൂര്‍ത്തിയായാല്‍ അല്ലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാന്‍ കഴിയൂവെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here