തിരുവനന്തപുരം: കിഫ്ബി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുനന് സി.എ.ജി. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചു. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുന്നേ രൂക്ഷ വിമർശനവുമായി തോമസ് ഐസക് രംഗത്തെത്തിയിരുന്നത് വിവാദമായിരുന്നു. പിന്നാലെയാണ് റിപ്പോർട്ട് നിയമസഭയിലെത്തുന്നത്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നെന്ന ഗുരുതര ആരോപണവും സി.എ.ജി. റിപ്പോർട്ടിലുണ്ട്. കിഫ്ബി മസാല ബോണ്ട് കേന്ദ്രസർക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കിഫ്ബി വായ്പകൾ സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന് പറയുന്ന സി.എ.ജി, ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് കിഫ്ബി വായ്പ എടുക്കുന്നതെന്നും പറഞ്ഞു വയ്ക്കുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാന സ്രോതസില്ലെന്നും അതിനാൽ കടമെടുപ്പ് തനത് വരുമാനത്തിലെ ബാധ്യതയാകുമെന്നുമാണ് സി.എ.ജി. പറയുന്നത്. മസാല ബോണ്ടിന് ആർ.ബി.ഐ നൽകിയ അനുമതി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.