തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ലംഘിച്ചു. 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബെഹ്‌റ നില്‍കി… സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.

2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്്‌ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാനുവലിലെ വകുപ്പുകളും ഓപ്പന്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാനെന്ന വ്യവസ്ഥയില്‍ 2017 ജനുവരിയില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. എന്നാല്‍, ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്്‌റ പാലിച്ചില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

വാങ്ങലുകള്‍ക്ക് ഡി.ജി.പി ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. തൊട്ടുപിന്നാലെ മിസ്തുബുഷി വാഹന കമ്പനിക്ക് 55.02 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ്് കാറുകള്‍ക്ക് സപ്ലൈ ഓര്‍ഡര്‍ നല്‍കി. ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനമെന്ന രീതിയില്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കിയ അതേ ദിവസം തന്നെ വാങ്ങുന്നതിന് നിയമസാധുത ലഭിക്കുന്നതിനുവേണ്ടി സര്‍ക്കാരിനും കത്തയച്ചു. മാത്രവുമല്ല, വാങ്ങല്‍ കരാറിനു സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് മിസ്തുബുഷി വാഹന കമ്പനിയുടെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ (വിലയുടെ 30 ശതമാനം) മുന്‍കൂര്‍ നല്‍കി.

2018ല്‍ ഇക്കാര്യത്തിന് സാധുതയില്ലെന്ന് സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു. ബാക്കി 77 ലക്ഷം രൂപ 2018 ജൂലൈ വരെയുള്ള വിവരമനുസരിച്ച് ഇതുവരെയും കാര്‍ കമ്പനിക്ക് കൊടുത്തതായി സി.എ.ജിക്ക് അറിയാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാനുള്ള തുകയില്‍ 2.81 കോടി രൂപ വകമാറ്റിയതായിട്ടാണ് സി.എ.ജിയുടെ മറ്റൊരു കണ്ടെത്തല്‍. എസ്.പിമാര്‍ക്കും എ.ഡി.ജി.പിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്. തിരുവനന്തപുരം എസ്.എ.പിയില്‍ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാര്‍ട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്. വെടിയുണ്ട സൂക്ഷിച്ചിരിക്കുന്ന പെട്ടിയില്‍ കൃതൃമം കാണിച്ചതായും കണ്ടെത്തി.

തിരുവനന്തപുരം എസ്.എ.പിയില്‍ നിന്നുമാത്രം 25 റൈഫിളുകള്‍ കാണാനില്ല. സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തില്‍ വന്‍ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സി.എ.ജി. ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here