തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത സാഹചര്യത്തിൽ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജാരാകാനായി ഉടൻ നോട്ടീസ് നൽകാനാണ് സാധ്യത. ഇന്നലെയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

വിശ്രമം ആവശ്യമാണെന്ന് നിർദ്ദേശിച്ചാണ് ഡോക്ടർമാർ രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തത്. ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ രവീന്ദ്രൻ നേരിടുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. എത്ര ദിവസത്തേക്കാണ് വിശ്രമം വേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല.

സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണാനന്തര പ്രശ്നങ്ങളെ തുടർന്ന് രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായത്. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ കൊറോണയാണെന്ന് പറഞ്ഞ് ഒഴിവായിരുന്നു.

ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിലായതിനാൽ രവീന്ദ്രൻ ഹാജരായിരുന്നില്ല. അതേസമയം രവീന്ദ്രന്റെ തന്ത്രമാണിതെന്നാണ് എൻഫോഴ്സ്മെന്റിന്റെ വിലയിരുത്തൽ. എന്നാല്‍ ചോദ്യംചെയ്യലില്‍നിന്ന് ഇനിയും ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന അഭിപ്രായം സിപിഎമ്മിനുളളില്‍ ഉയരുന്നുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here