തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചാണ് ഡിസ്ചാര്‍ജ് ചെയ്തത്. മെഡിക്കല്‍ കോളജില്‍ നിന്ന് ജവഹര്‍ നഗറിലെ വീട്ടിലേക്കാണ് സി.എം രവീന്ദ്രന്‍ പോയത്.

സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാന്‍ സാവകാശം തേടി രവീന്ദ്രന്‍ ഇ.ഡിക്ക് കത്തയച്ചിരുന്നു. സി എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.തലവേദന, നടുവേദന തുടങ്ങിയ കാര്യങ്ങളാണ് സി എം രവീന്ദ്രന്‍ ചൂണ്ടിക്കാണിച്ചത്.

മൂന്നാം തവണയും ഇ ഡി യുടെ ചോദ്യം ചെയ്യലിന് സി എം രവീന്ദ്രന്‍ ഹാജരാകാതിരുന്നതും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയതും വിവാദമായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ വിലയിരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here