തിരുവനന്തപുരം: അനധികൃത സ്വത്ത് ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ന്യായീകരിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധ ജീവിതത്തിന് ഉടമയുമാണ്. അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനാണെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമാകാന്‍ മൂന്നാം തവണയും നോട്ടീസ് ലഭിച്ച രവീന്ദ്രന്‍ നാളെ ഹാജരാകേണ്ടതായിരുന്നു. അതിനിടെ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചു. ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍, കൊവിഡിന് ചികിത്സ തേടിയ രവീന്ദ്രന്‍ പിന്നീടുള്ള രണ്ട് നോട്ടീസ് ലഭിച്ചപ്പോഴും കൊവിഡാനന്തര ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

എന്നാല്‍ രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറിനില്‍ക്കുന്നതല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ് ചികിത്സ തേടിയത്. 30 വര്‍ഷത്തോളമായി തനിക്ക് അറിയാവുന്നയാളാണ് രവീന്ദ്രന്‍. ഭരണപക്ഷത്തായിരിക്കും പ്രതിപക്ഷത്തായിരിക്കുമ്ബോഴും വിശ്വസ്തതയോടെ ജോലി ചെയ്തിരുന്നയാളാണ്. ഇപ്പോള്‍ അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here