ഇത്തവണ ചോദ്യംചെയ്യലിന് ഹാജരായേക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കി. ഈ മാസം 10ന് കൊച്ചിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. മൂന്നാം തവണയാണ് ഇ. ഡി നോട്ടീസ് നല്‍കുന്നത്

നവംബര്‍ ആറിനാണ് ഇ.ഡി അദ്ദേഹത്തിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്‍കുന്നത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്രന് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രി വിട്ട ശേഷം വീണ്ടും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നോട്ടീസ് നല്‍കി വീണ്ടും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ചായിരുന്നു വീണ്ടും ചികിത്സ തേടിയത്.

രണ്ടാംഘട്ട തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. രണ്ട് തവണ ചോദ്യം ചെയ്യല്‍ ഒഴിവായെങ്കിലും ഇത്തവണ രവീന്ദ്രന്‍ ഇ. ഡിക്ക് മുന്നില്‍ ഹാജരാകാന്‍ തന്നെയാണ് സാധ്യത. കാരണം സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ എല്ലാക്കാലത്തും ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. മാത്രമല്ല രണ്ട് തവണ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത് പൊതുജനങ്ങള്‍ക്കിടയില്‍ മറ്റ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചു. അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വേഗത്തില്‍ തന്നെ ഇ‍.ഡിക്ക് മുന്നില്‍ ഹാജരാകുന്നതാണ് നല്ലതെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടിയുടെ മനസ് ഇതായത് കൊണ്ട് രവീന്ദ്രന്‍ പത്തിന് തന്നെ ഹാജരാകാനാണ് സാധ്യത.

സ്വപ്ന സുരേഷുമായുള്ള പരിചയം, ശിവശങ്കറും പ്രതികളുമായുള്ള ബന്ധം, ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണങ്ങളിലെ മറുപടി തുടങ്ങിയവയായിരിക്കും ഇ.ഡി രവീന്ദ്രനില്‍ നിന്ന് ചോദിച്ചറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here