മൊബൈലിന് വില കൂടും; സ്വർണത്തിന് കുറയും

ഡൽഹി; ആത്മ നിർഭർ ഭാരതിന്‍റെ ഭാഗമായി തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈൽ ഫോണിന്റെ ഘടക ഉൽപ്പന്നങ്ങൾക്ക് നൽകി വരുന്ന ഇളവുകൾ അവസാനിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

ഇതോടെ വിദേശ ബ്രാൻഡുകളിലുള്ള മൊബൈൽ ഫോണിന്റെ വില കൂടുമെന്ന് ഉറപ്പായി കഴിഞ്ഞു. സമാനമായ നിലയിൽ സോളാർ ഇൻവെട്ടറിന്റെയും വിളക്കിന്റെയും വില വർധിക്കും. പരുത്തി, പട്ട്, പട്ടുനൂൽ, ലെതർ, മുത്ത്, ഈതൈൽ ആൽക്കഹോൾ എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടുമെന്ന് ബജറ്റിൽ പറയുന്നു. കസ്റ്റംസ് തീരുവ വർധിപ്പിക്കാനുള്ള നിർദേശം പരുത്തി കർഷകർക്ക് ഗുണം ചെയ്യും. ചെമ്പ്, നൈലോൺ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ചു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും. ഇത് സ്വർണാഭരണ മേഖലയ്ക്ക് ഗുണം ചെയ്യും.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.

ഡീസല്‍ ലിറ്ററിന് നാലു രൂപയും പെട്രോള്‍ രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അഗ്രി ഇന്‍ഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിര്‍ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാല്‍ ഇത് ഇന്ധന വിലയില്‍ പ്രതിഫലിക്കില്ല. മദ്യത്തിന് നൂറു ശതമാനം അഗ്രി ഇന്‍ഫ്രാ സെസ് ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അസംസ്‌കൃത പാമോയില്‍- 5 ശതമാനം, അസംസ്‌കൃത സൊയാബീന്‍ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏര്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here