ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഇക്കഴിഞ്ഞ ഡിസംബറില്‍ വില്‍പ്പനയില്‍ 12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 1,60,226 കാറുകളാണ് വിറ്റത്. 2019 ഇതേ കാലയളവില്‍ 1,33,296 യൂണിറ്റുകളാണ് വിറ്റിരുന്നത്.
ജനപ്രിയ മോഡലുകള്‍ അവതരിപ്പിക്കുന്ന മാരുതിയുടെ വാഹന വില്‍പ്പനയിലെ വളര്‍ച്ച സാമ്പത്തിക രംഗത്തിന്റെ വീണ്ടെടുക്കലിന്റെ അടയാളമാണെന്ന് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു.
ആഭ്യന്തര വില്‍പ്പനയില്‍ 17.7 ശതമാനം വര്‍ധനയാണ് മാരുതിക്കുണ്ടായത്. ആള്‍ട്ടോ, എസ്-പ്രസ്സോ ഉള്‍പ്പെടെയുള്ള മിനി കാറുകളുടെ വില്‍പ്പന 4.4 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് വാഹനങ്ങളുടെ വില്‍പ്പന 18.2 ശതമാനം വര്‍ദ്ധിച്ച് 77,641 യൂണിറ്റായി.
എന്നാല്‍ ഇടത്തരം സെഡാന് സിയാസിന്റെ വില്‍പ്പന 28.9 ശതമാനം ഇടിഞ്ഞു. വിറ്റാര ബ്രാസ, എസ്-ക്രോസ്, എര്‍ട്ടിഗ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 8% വര്‍ദ്ധിച്ചു. കമ്പനിയുടെ കയറ്റുമതി 31.4% വര്‍ദ്ധിച്ചതായും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കമ്പനി 13.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും മാരുതി അറിയിക്കുന്നു.