അത്ര പോരേ…! ‘വയറിളകി’, വൈറലായി..!!

ചിത്രമായ അതേസമയം രസകരമായ പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിലായി വൈറലായിരിക്കുന്നത് ആമസോണിൽ നിന്നും ഒരു ‘ഉത്പ്പന്നം’ വാങ്ങിയ ഉപഭോക്താവിന്‍റെ റിവ്യു ആണ്. താൻ ഓർഡർ ചെയ്ത് വരുത്തിയ സാധനത്തിന് ‘അറപ്പുളവാക്കുന്ന രുചി’ ആയിരുന്നു എന്നാണ് ഇയാളുടെ റിവ്യു. ഒപ്പം അത് കഴിച്ച് തനിക്ക് വയറിളക്കം ബാധിച്ചു എന്നും. ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങളിൽ തൃപ്തരല്ലെങ്കിൽ നെഗറ്റീവ് റിവ്യു നൽകുക എന്നത് സാധാരണ കാര്യം തന്നെയാണ്. അതേ ഈ ഉപഭോക്താവും ചെയ്തിട്ടുള്ളു. എന്നിട്ടും ഈ ‘നെഗറ്റീവ് റിവ്യു’ വൈറലാകാൻ കാരണമുണ്ട്.

ആമസോണിൽ നിന്നും വാങ്ങിയ ചാണക കേക്കിനാണ് (ചാണക വരളി) ഇയാൾ മോശം റിവ്യു നൽകിയിരിക്കുന്നത്. ‘പൂജയ്ക്കും മതപരമായ ഉദ്ദേശ്യങ്ങൾക്കും’ എന്ന് പ്രത്യേകം പരാമർശിച്ച് വിൽക്കുന്ന ഈ ചാണകവരളിയാണ് ഇയാൾ കഴിച്ച ശേഷം റിവ്യു നല്‍കിയത്. ‘വളരെ മോശം രുചിയാണ്. പുല്ലുപോലെയിരിക്കുന്ന ഇതിന് ചെളിയുടെ രുചിയാണ്. കഴിച്ച് എനിക്ക് വയറിളക്കമുണ്ടായി. അടുത്ത തവണ ഇതിന്‍റെ ശുചിത്വത്തിന്‍റെ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധ വേണം. അതുപോലെ തന്നെ രുചി കൂട്ടാനും കുറച്ചു കൂടെ ക്രിസ്പി ആക്കാനും ശ്രദ്ധിക്കണം’ എന്നായിരുന്നു റിവ്യു.

രസകരമായ പ്രതികരണങ്ങളാണ് ഇതിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത് സത്യം തന്നെയാണോയെന്നാണ് പലരും ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here