കൊച്ചി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ പൊതുവഴിയിൽ
കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം കളമശ്ശേരിയിലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്‍. വിടാക്കുഴ ഇലഞ്ഞിക്കുളത്ത് 230 കാര്‍ഡുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. ഒറീസയിലെ മേല്‍വിലാസങ്ങളാണ് കാര്‍ഡിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കളമശ്ശേരി വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി – മോസ്‌ക് റോഡിലാണ് തെരെഞ്ഞെടുപ്പ് ഐ ഡി കാര്‍ഡുകള്‍ കൂട്ടത്തോടെ തള്ളിയത്. പഴയതും പുതിയതുമായി 230 കാര്‍ഡുകളാണ് ഉള്ളത്. ഇന്നലെ വൈകിട്ടോടെ ഇതുവഴി പോയ ഒരു കുട്ടിയാണ് റോഡരികില്‍ കിടക്കുന്ന കാര്‍ഡുകള്‍ ആദ്യം കണ്ടത്.

തുടര്‍ന്ന് കാര്‍ഡുകള്‍ കുട്ടി വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഫെസിയെ ഏല്‍പ്പിച്ചു. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

ഒറീസയിലെ ബള്‍ഗ്രാര്‍ ജില്ലയിലെ മേല്‍വിലാസമാണ് കാര്‍ഡുകളിലുള്ളതെന്ന് കളമശ്ശേരി എസ് ഐ മാഹിന്‍ പറഞ്ഞു. സീലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്ന് കാര്‍ഡ് ഒര്‍ജിനല്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്.
കാര്‍ഡിന്റെ ആധികാരികത പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.

വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുപോയി
ഇട്ടതാകാന്‍ സാധ്യതയുണ്ട്. പക്ഷേ 230 കാര്‍ഡുകള്‍ എങ്ങനെ ഒരുമിച്ച് വന്നതെന്നാണ് സംശയം. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here