ബ്രിട്ടന്‍ ഇനി സ്വതന്ത്ര രാജ്യം ; യൂറോപ്പിനോട് വിടപറഞ്ഞു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ സ്വതന്ത്രരാജ്യമായി. ഇനി ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. ഇതോടെ 48 വര്‍ഷം നീണ്ട യൂറോപ്യന്‍ യൂണിയനുമായുളള ബന്ധത്തിനാണ് ഔദ്യോഗികമായ പരിസമാപ്തി കുറിച്ചിരിക്കുന്നത്. നാലരവര്‍ഷം നീണ്ട ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് കടന്നത്

അതേസമയം ബ്രെക്‌സിറ്റ് നടപ്പിലായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ഒരുവിഭാഗം. അവര്‍. പതാകയുമേന്തി തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ അതിനൊപ്പം പ്രതിഷേധവും ശക്തമാണ്. നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു.

എന്നാല്‍ വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം ഉണ്ട്. ഡിസംബര്‍ 31 നാണ് പൂര്‍ണ അര്‍ത്ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാക്കുക. അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനില്‍ക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപീകരിക്കും.

ബ്രിട്ടന്‍ പുറത്തായതോടെ യൂറോപ്യന്‍ യൂണിയനില്‍ ഇനി 27 രാജ്യങ്ങളാണ് ഉള്ളത്. 2016ലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ജനഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചത്. 2019 മാര്‍ച്ച്‌ 29ന് ബ്രെക്‌സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയായില്ല. ഇതോടെയാണ് വിടുതല്‍ നീണ്ടത്. ലോകം ആകാംക്ഷയോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രിട്ടനെ നോക്കുന്നത്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാരപങ്കാളിത്ത കരാറുകള്‍ ഉറപ്പിക്കാന്‍ ഇനി സാധിക്കും. എന്നാല്‍, യൂറോപ്യന്‍ യൂണിയനുമായി വ്യാപാരബന്ധം തുടരുമെന്ന് ബ്രിട്ടന്‍ പ്രസിഡന്‍റ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here