ചേര്‍പ്പ്: നവവരനൊപ്പം ബാങ്കിലെത്തിയ വധു, സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിക്കൊപ്പം സ്ഥലംവിട്ടു. ഇപ്പോ വരാമെന്നു പറഞ്ഞുപോയ ഭാര്യയെയും കാത്ത് വൈകുന്നേരം അഞ്ചു മണിവരെ ബാങ്കിനു മുന്നില്‍ നിന്ന ഭര്‍ത്താവ് ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കി. ആറാം ദിവസം ഇരുവരെയും ചേര്‍പ്പ് പോലീസ് കസ്റ്റഡിയിലെടുത്തത് മധുരൈയില്‍ നിന്ന്.

ഒക്‌ടോബര്‍ 24നു കല്ല്യാണം കഴിഞ്ഞ പഴുവില്‍ സ്വദേശിയായ 23കാരിയാണ് കൂട്ടുകാരിക്കൊപ്പം പോയത്. ബാങ്കില്‍ നിന്നും ഭര്‍ത്താവിന്റെ ഫോണും വാങ്ങി ഉടനെ വരാമെന്നു പറഞ്ഞാണ് സ്‌കൂട്ടറില്‍ കയറിയത്. ഭാര്യയെ കാണാതായതിനു പിന്നാലെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലായ ഭര്‍ത്താവ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്.

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌കൂട്ടര്‍ വച്ചശേഷം, ചെന്നൈയ്ക്ക് ബുക്കു ചെയ്തിരുന്ന ടിക്കറ്റ് ഉപയോഗിക്കാതെ, ഇരുവരും ബസില്‍ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ടെയിനില്‍ ചെന്നൈയിലേക്കും പോയെന്നു കണ്ടെത്തി. അവിടെ നിന്നു മധുരൈയിലെത്തി മുറിയെടുത്തശേഷം ചുറ്റിക്കറങ്ങുന്നതിനിടെയണ് പോലീസ് കണ്ടെത്തിയത്.

തൃശൂരില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നത് പന്തികേടാണെന്നു തോന്നിയതിനെ തുടര്‍ന്ന് ഒരിക്കല്‍ മടങ്ങിയെത്തി വാഹനം എറണാകുളം റെയില്‍വേ സ്‌റ്റേഷനിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. ചെന്നൈയില്‍ തുണിക്കടയില്‍ ജോലി ചെയ്തു ജീവിക്കാനായിരുന്നു ഇവരുടെ ആലോചനയെന്ന് പോലീസ് പറയുന്നു. സ്വര്‍ണവും പണവും കിട്ടാനാണ് കല്യാണത്തിനു സമ്മതിച്ചതും യാത്ര അതിനുശേഷം മതിയെന്ന് തീരുമാനിച്ചതെന്നും പോലീസ് പറയുന്നു.

സ്വന്തമായി ഉണ്ടായിരുന്ന വീടു വിറ്റാണ് മാതാപിതാക്കള്‍ കുട്ടിയുടെ വിവാഹം നടത്തിയത്. 16 ദിവസത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച കൂട്ടുകാരിയുടെ പക്കലം സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here