എ ടി എം കൗണ്ടറിനകത്തേക്ക് കുട്ടികൾ കയറി വരുന്നത് നമുക്ക് പലപ്പോഴും ശല്യമായി തോന്നാറുണ്ട്. എന്നാൽ, എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല കുട്ടികൾ. എ ടി എമ്മിൽ നിന്ന് പുറത്തുവന്ന പണം തിരിച്ചു നൽകിയതിന് വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിലെ ഒരു പതിനൊന്നു വയസ്സുകാരനെ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ് ആളുകൾ.

സ്ഥലത്തെ ഒരു സൂപ്പർമാർക്കറ്റിന് അകത്തെ എ ടി എമ്മിലാണ് സംഭവം നടന്നത്. എ ടി എം കയോസ്കിലെ ബട്ടണുകളിൽ അമർത്തി കളിക്കുകയായിരുന്നു ജാക്ക് ഗ്രീൻഹാൽഗ് എന്ന പയ്യൻ. പെട്ടെന്ന് പണം പുറത്തു വരുന്നത് കണ്ട ഈ കുട്ടി ഉടൻ തന്നെ അടുത്തുള്ള ഒരു ക്ലീനറെയും ഗാർഡിനെയും വിവരം അറിയിക്കുകായിരുന്നു. ഇതേ തുടർന്ന് ഗാർഡ് വന്ന് പണം ശേഖരിച്ചു. 400 പൗണ്ട് (ഏകദേശം 40,000 രൂപ) ആണ് എ ടി എമ്മിൽ നിന്ന് പുറത്തുവന്നത്.

ജാക്ക് എ ടി എമ്മിൽ എത്തുന്നതിന്റെ തൊട്ടു മുമ്പ് മെഷീൻ ഉപയോഗിച്ച ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും പണം പിൻവലിക്കപ്പെട്ടതെന്ന് പിന്നീട് അധികൃതർ പറഞ്ഞു. എ ടി എമ്മിൽ നിന്ന് പണം വരുന്നില്ല എന്നു പറഞ്ഞ് ഈ സ്ത്രീ ഗാർഡിനോട് പരാതിപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്.

എ ടി എം പ്രവര്‍ത്തനക്ഷമം ആണോ എന്ന ജിജ്ഞാസ കാരണമാണ് താൻ കയോസ്കിലെ ബട്ടണമർത്തിയതെന്ന് ജാക്ക് ഒരു മാധ്യമത്തോട് പറഞ്ഞു. എന്നാൽ, പെട്ടെന്ന് എ ടി എമ്മിനകത്ത് നിന്ന് ബീപ്പ് ശ്ബദം വരുന്നതും ഒരുപാട് കാശ് പുറത്തേക്ക് വരുന്നതുമാണ് കണ്ടതെന്ന് ജാക്ക് പറയുന്നു. ഇത് ഒരു മാജിക് പോലെ തോന്നിയെന്ന് അവൻ പറയുന്നു.

സംഭവം അരങ്ങേറിയ ഉടനെ ജാക്ക് തന്റെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അമ്മ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട സ്ത്രീയെ കണ്ടെത്താൻ വേണ്ടി ഒരു പോസ്റ്റിട്ടു. പോസ്റ്റ് കണ്ട സ്ത്രീ പിന്നീട് ജാക്കിന്റെ അമ്മയെ ബന്ധപ്പെടുകയും ബാങ്ക് അധികൃതർ വഴി പണം കൈപ്പറ്റുകയുമായിരുന്നു.

തന്റെ മകനെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നുവെന്ന് ജാക്കിന്റ അമ്മ പറഞ്ഞു. ജാക്കിന്റെ നന്മ നിറഞ്ഞ പ്രവർത്തനം ഇഷ്ടപ്പെട്ട ആളുകൾ അവന് ക്രൗഡ് സോഴ്സിംഗ് വഴി പണം കണ്ടെത്തി അവനെ സഹായിക്കാൻ ഒരുങ്ങുകയായിരുന്നു. സത്യസന്ധനായ ജാക്കിന് ട്രീറ്റ് കൊടുക്കാൻ സഹായിക്കൂ എന്ന പേരിലായിരുന്നു ആളുകൾ ക്രൗഡ്ഫണ്ടിംഗ് പേജ് തുടങ്ങിയത്. എന്നാൽ, ജാക്കിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് പണം സംഭാവന ചെയ്തവർക്ക് തന്നെ അത് റീഫണ്ട് ചെയ്തിട്ടുണ്ട്.

വെറും ഒരു പൗണ്ട് ഒക്കെ ആയിരുന്നുവെങ്കിൽ അത് താൻ തന്നെ എടുക്കുമായിരുന്നു എന്നാണ് ജാക്ക് പറയുന്നത്. ഇത്രയും വലിയ തുക എടുത്താൽ മോഷണമാകുമെന്നാണ് അവന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here