വഡോദര: വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 14കാരന് പണവുമെടുത്ത് വീടു വിട്ടിറങ്ങി നേരെ പോയത് ഗോവയിലേക്ക്. ഗോവയില്‍ കറങ്ങി നടന്ന പത്താം ക്ലാസുകാരനെ ഒടുവില്‍ പോലീസ് കണ്ടെത്തി. ഗുജറാത്ത് വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെയാണ് പുനെയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പുനെ പോലീസിന്റെ സഹായത്തോടെ കുട്ടിയെ വഡോദരയിലെത്തിച്ച് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ദിവസങ്ങള്‍ക്ക് മുമ്ബാണ് 14കാരനെ വീട്ടില്‍ നിന്ന് കാണാതായത്. പഠനത്തില്‍ ഉഴപ്പുന്നതിലും വെറുതെ സമയം ചെലവഴിക്കുന്നതിലും മാതാപിതാക്കള്‍ കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതില്‍ മുത്തച്ഛനും കുട്ടിയെ ശാസിച്ചു. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയുമായി പത്താം ക്ലസ് വിദ്യാര്‍ത്ഥി നാട് വിട്ടത്. മകനെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഇതിനിടെയാണ് വീട്ടിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വഡോദര പോലീസ് കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നിന്നിറങ്ങിയ 14കാരന് ഗോവയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലെത്തി തീവണ്ടി മാര്‍ഗം ഗോവയില്‍ പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല.
തുടര്‍ന്ന് അമിത് നഗര്‍ സര്‍ക്കിളിലെത്തി പുനെയിലേക്ക് ബസ് കയറി. അവിടെ നിന്ന് ഗോവയിലേക്കും ബസിലായിരുന്നു യാത്ര. ഗോവയിലെത്തിയ 14കാരന് ക്ലബുകളിലാണ് ഏറെ സമയവും ചിലവഴിച്ചത്. കൈയിലെ പണം തീരാറായതോടെ ഗുജറാത്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. ഗോവയില്‍ നിന്ന് പുനെയിലെത്തി, പുതിയ സിം കാര്‍ഡ് വാങ്ങി മൊബൈല്‍ ഫോണിലിട്ടു. തുടര്‍ന്ന് നഗരത്തിലെ ട്രാവല്‍ ഏജന്‍സിയിലെത്തി ടിക്കറ്റും ബുക്ക് ചെയ്തു. ഇതാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഫോണ്‍ ഓണായതോടെ സ്ഥലം കണ്ടെത്തിയ പോലീസ് ഉടന്‍ തന്നെ ട്രാവല്‍ ഏജന്‍സി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടു. തന്ത്രപൂര്‍വം കുട്ടിയെ ഓഫീസില്‍ തന്നെ ഇരുത്താനായിരുന്നു നിര്‍ദേശം.
പിന്നാലെ പുനെ പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പുനെ പൊലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുനെ പൊലീസ് കുട്ടിയെ വഡോദര പോലീസിന് കൈമാറി.