സെക്രട്ടേറിയറ്റില്‍ ബോംബുണ്ടെന്ന് അജ്ഞാതന്റെ സന്ദേശം, രണ്ടു മണിക്കൂര്‍ നീണ്ട പരിശോധന, അരമണിക്കൂറില്‍ വിളിച്ചയാളെ കണ്ടെത്തി പോലീസ്

തിരുവനന്തപുരം | ക്യാമറ കണ്ണുകളുടെ അടക്കം സദാ നിരീക്ഷണമുള്ള സമുച്ചയമാണ് ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ്. അവിടെ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. പോലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെെട വന്‍ സംഘമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനിറങ്ങിയത്. ഇതിനിടെ, ഫോണ്‍ വിളിച്ച മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നു തിരി്ച്ചറിഞ്ഞു.

സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് തനിക്ക് വാട്‌സ്ആപ്പില്‍ സന്ദേശമെത്തിയെന്നാണ് കസ്റ്റഡിയിലായ ആള്‍ പോലീസിനോടു പറഞ്ഞത്. സന്ദേശം തന്നയാള്‍ വാട്‌സ്ആപ്പില്‍ വിളിച്ചെങ്കിലും എടുക്കാന്‍ കഴിഞ്ഞില്ലെന്നും മിനിട്ടുകള്‍ക്കുശേഷം സന്ദേശം ഡിലീറ്റാക്കിയെന്നുമാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് താന്‍ പറഞ്ഞതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വിശദീകരിച്ചത്. അറിയാത്ത നമ്പറില്‍ നിന്ന് സന്ദേശമെത്തിയതോടെയാണ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.

പിടിയിലായ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടുമണിക്കൂര്‍ നേരം സെക്രട്ടേറിയറ്റും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് കന്റോണ്‍മെന്റ് എസ്ഐ പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here