- കൊല്ലം Update: ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. നൂറു കണക്കിനാളുകള്‍ ദേവനന്ദയെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തി. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. പിന്നാലെ പ്രതീപ് കുമാറിന്റെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷമാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
- തിരുവനന്തപുരം Update: ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്ന പ്രാഥമിക നിഗമത്തിലാണ് അധികൃതര്‍. ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ വാക്കാല്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
കൊട്ടിയം: മടങ്ങിയെത്തുന്നതു കാത്തിരുന്ന നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി ആ ദുഖ:വാര്‍ത്തയെത്തി. ഇളവൂരില്‍ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ കുട്ടിയെ മരിച്ച നിലയില്‍ ആറില്‍ വീടിനു സമീപം കണ്ടെത്തിയത്.
കുഞ്ഞ് എങ്ങനെ ഇത്തിക്കരയാറ്റില്‍ എത്തിയെന്നതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്. മൃതദേഹം കണ്ടെത്തിയതില്‍ നാട്ടുകാര്‍ ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാര്‍ ധന്യ ദമ്പതികളുടെ മകളാണ് മരണമടഞ്ഞ ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് കാണാതായ കുട്ടിക്കായി നാടെങ്ങും വിപുലമായ തെരച്ചില്‍ നടന്നു വരുകായിരുന്നു. നാലു മാസം പ്രായമുള്ള കുഞ്ഞും ദേവനന്ദയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഇൗ സമയം വീടിന്റെ മുന്‍ഭാഗത്തെ ഹാളില്‍ ഇരിക്കുകയായിരുന്ന ദേവനന്ദയെ ഒരിക്കല്‍ അമ്മയുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു. കുഞ്ഞിനു കൂട്ടിരിക്കാന്‍ വീട്ടിനുള്ളിലേക്കു പോയ ദേവനന്ദയെ കാണാതാവുകയായിരുന്നു.
തുണി അലക്കുന്നതിനിടെ, വീട്ടിനുള്ളിലേക്കുവന്ന അമ്മ വിളിച്ചെങ്കിലും ദേവനന്ദ വിളി കേട്ടില്ല. തിരക്കിയെങ്കിലും കണ്ടില്ല. തുടര്‍ന്നാണ് നാട്ടുകാരും പോലീസും അന്വേഷണം തുടങ്ങിയത്.