തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഴിമതി ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ അഴിമതികളില്‍ നടപടി ആവശ്യപ്പെട്ട് ബി.എം.എസ്. രംഗത്തെത്തി. ഇന്‍സ്റ്റിറ്റിയുട്ടിനു മുന്നില്‍ ബുധനാഴ്ച ആരംഭിച്ച അനിശ്ചിതകാല സമരം ശക്തമാവുകയാണ്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ ദിവസവും രാവിലെ ഇവിടെ സമരം നടത്തുന്നതെന്ന് ബി.എം.എസ്. നേതൃത്വം അറിയിച്ചു. ഇന്‍സ്റ്റിറ്റിയുട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടി സ്വീകരിക്കുക, കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിന്റെയും ഭരണത്തിനു നേതൃത്വം നല്‍കുന്നവരെ പിരിച്ചു വിടുക, ഡയറക്ടര്‍ ആശാ കിഷോറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഴിമതി ഭരണം സ്തംഭിപ്പിക്കുന്ന രീതിയില്‍ സമരം എല്ലാ ഗേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പു നല്‍കി.

സ്വകാര്യ സ്ഥാപനം നിര്‍മ്മിച്ച സ്വാബുകള്‍ ശ്രീചിത്രയിലെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ശാസ്ത്രജ്ഞരുടെ പേരില്‍ പേറ്റന്റിനു സമര്‍പ്പിച്ച നടപടിയും കോറോണക്കാലത്ത് അരങ്ങേറിയ പി.ആര്‍ നാടകങ്ങളും റൗണ്ടപ്‌കേരള.കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍സ്റ്റിറ്റിയുട്ടിലെ അഴിമതികളില്‍ പ്രതിഷേധം രേഖപ്പെടുത്തി ഭരണസമിതി അംഗം കൂടിയായ ടി.പി. സെന്‍കുമാര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here