തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സറ്റിറ്റിയൂട്ടിലെ അഴിമതിയും അനധികൃത നിയമനങ്ങള്‍ക്കും എതിരെ കഴിഞ്ഞ രണ്ടാഴ്‌യായി ബി.എം.എസ്. നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി നടന്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ പദ്ധതികളോടക്കം മുഖം തിരിക്കുന്ന സമീപനമാണ് ശ്രീചിത്ര മാനേജുമെന്റിനുള്ളതെന്ന് ജയകുമാര്‍ ആരോപിച്ചു. നിയമവിരുദ്ധമായി കുറുക്കുവഴികളിലൂടെ ഡോ ആശാ കിഷോര്‍ നേടിയെടുത്ത തുടര്‍ നിയമനം പിന്‍വലിച്ച്, കഴിവുള്ള ഒരു ഡയറക്ടറെ എത്രയും വേഗം നിയമിക്കുവാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജയകുമാര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ പാവപ്പെട്ട രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സക്ക് ആശ്രയമായിരുന്ന ഈ സ്ഥാപനം ഇന്ന് പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പല ചികിത്സാ പദ്ധതികളും ഈ അടുത്ത കാലത്ത് ഇവിടെ നിര്‍ത്തലാക്കി. 40 കോടിയോളം രൂപ ലഭിക്കുവാനുണ്ടെന്ന കാരണം പറഞ്ഞാണ് കൊറോണക്കാലത്ത് ശ്രീ ചിത്രയുടെ ഈ ക്രൂര നടപടി. എന്നാല്‍ ഇത്രയും ഭീമമായ ഒരു തുക സംസ്ഥാന സര്‍ക്കാരില്‍ നിന്നും സമയബന്ധിതമായി വാങ്ങിയെടുക്കുവാന്‍ ശ്രീ ചിത്രയിലെ ഉന്നത അധികാരികള്‍ വേണ്ട ഇടപെടലുകള്‍ ഇതുവരെ നടത്തിയിട്ടില്ല. അധികാരികളുടെ പിടിപ്പുകേട് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. വീട്ടില്‍ ഒരു മാരക രോഗി വേണം, കക്കൂസ് പാടില്ല, ടിവി പാടില്ല എന്ന നിബന്ധനകളാണ് രോഗികളുടെ സാമ്പത്തിക നില അളക്കുന്നത്തിനുള്ള ചിത്രയിലെ മാനദണ്ഡം. ഭരണത്തിലെ ധൂര്‍ത്തും, കെടുകാര്യസ്ഥതയും, അഴിമതിയും കാരണം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഈ സ്ഥാപനത്തെ നയിക്കുന്നതില്‍ ഡോ ആശാ കിഷോര്‍ തികഞ്ഞ പരാജയമാണെന്ന് നാലര വര്‍ഷം കൊണ്ട് തെളിയിക്കപ്പെട്ടു. അനാവശ്യമായി നിയമിക്കപ്പെട്ട ഒരു കൂട്ടം കോണ്‍ട്രാക്ട് ജീവനക്കാരാണ് ഡയറക്ടറുടെ ഇപ്പോഴത്തെ ഉപദേശകര്‍. സ്ഥാപനത്തിനോടോ ജീവനക്കാരോടോ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഈ കൂട്ടരാണ് പല തെറ്റായ തീരുമാനങ്ങളുടെയും പിന്നില്‍. പോരാത്തതിന് ഒരു ലക്ഷം രൂപയിലധികം ശമ്പളവും യാത്രപ്പടിയും കൊടുത്ത് ഡല്‍ഹിയില്‍ ഒരു ലെയിസണ്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. ഭരണപരമായ തന്റെ കഴിവുകേടും നേതൃത്വ പാടവമില്ലായ്മയും മറച്ചു വെക്കാനാണ് ഡയറക്ടര്‍ ഇത്രയധികം കോണ്‍ട്രാക്ട് ജീവനക്കാരെ നിയമിച്ചിരിക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു.

സ്ഥാപനത്തിന് പുതിയൊരു മേധാവി വന്നാല്‍ തന്റെ കഴിവില്ലായ്മയും, അഴിമതിയും പുറത്തു വരുമെന്ന് ഉറപ്പുള്ളതിനാല്‍ ഡോ ആശാ കിഷോര്‍ രഹസ്യമായി ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ മീറ്റിംഗ് തിടുക്കത്തില്‍ വിളിച്ചു കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ ശ്രീ ചിത്ര ആക്ടിലെ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വളച്ചൊടിച്ച് തന്റെ ഡയറക്ടര്‍ പദവി തന്റെ വിരമിക്കല്‍ തിയതി വരെ, അതായത് ഏകദേശം അഞ്ച് വര്‍ഷത്തോളം നീട്ടിക്കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌നെ സ്വാധീനിച്ച് വളരെ വിചിത്രമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയാണ് ഡയറക്ടര്‍ ചെയ്തിരിക്കുന്നത്. ശ്രീ ചിത്രക്ക് കുമാരപുരത്ത് സ്വന്തമായുള്ള ഭൂമിയിലാണ് ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, സീനിയര്‍ റെസിഡെന്‍സിനും താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഗ്രൂപ്പ് B, C, D ജീവനക്കാര്‍ താമസിക്കുന്ന C, D ബ്ലോക്ക്കളിലെ വീടുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. വര്‍ഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ വളരെ മോശം വീടുകളിലാണ് ജീവനക്കാര്‍ താമസിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് പല പ്രാവശ്യം പരാതി നല്‍കിയിട്ടും അറ്റകുറ്റപ്പണികള്‍ നടത്താതെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആണ് അധികാരികള്‍ താല്പര്യം കാണിച്ചത്. കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ മഴയില്‍ C4 ബ്ലോക്കിന്റെ പുറകിലെ മണ്ണ് ഒലിച്ചു പോവുകയും, അവിടെ താമസിച്ചിരുന്ന 6 ജീവനക്കാരും കുടുംബവും തലനാരിഴക്കാണ് രക്ഷപെട്ടത്. CD ബ്ലോക്കുകളുടെ പുറകില്‍ വര്‍ഷങ്ങളായി നടക്കുന്ന അനധികൃത മണ്ണെടുക്കല്‍ ആണ് ഇതിന് കാരണം. ഉന്നതരുടെ മൗനാനുവാദത്തോടെ നടക്കുന്ന ഈ ഖനനം ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ഭീഷണി ആണെന്ന് അധികാരികളെ അറിയിച്ചിട്ടും അത് തടയാന്‍ ഡയറക്ടര്‍ അടക്കം ആരും ശ്രമിച്ചില്ല. ഈ മണ്ണെടുക്കല്‍ ശ്രീ ചിത്രയുടെ പേരിലുള്ള ഭൂമി നഷ്ടപ്പെടുവാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ജയകുമാര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here