കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉടന്‍ ഹിന്ദു രാജ് ആകുമെന്ന് ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്നും പശ്ചിമ ബംഗാള്‍ ‘ഹിന്ദു രാജ്’ ആകുമെന്നുമായിരുന്നു എം.പിയുടെ പരാമര്‍ശം. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയും മമതയും തമ്മിലെ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തന്റെ ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ നിരാശയിലാണ് മമത, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും, പശ്ചിമബംഗാള്‍ ഹിന്ദുരാജ് ആവുകയും ചെയ്യും’, അവര്‍ പറഞ്ഞു.കൊല്‍ക്കത്തയില്‍ വെച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. അതാണ് മമതയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തുറന്നപോരിന് വഴിവെച്ചത്.
നദ്ദക്ക് നേരെ കല്ലേറും കരിങ്കൊടിയും കാണിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഈ നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിരുന്നു. അവരെയും തിരിച്ചയക്കില്ലെന്ന് കാണിച്ച് മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും കത്തില്‍ പറയുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂറിന്റെ പരാമര്‍ശം. മമതയുടെ ഭരണം ഭരണഘടനയില്‍ നിന്നും അകന്നുപോകുന്നുവെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖാര്‍ ആരോപിച്ചു.