നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക്

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങള്‍ സജീവമാക്കുകയാണ് ബിജെപി. കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കി. കേരളത്തിന്റെ ചുമതല പ്രഹ്ലാദ് ജോഷിക്കാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനാണ് കേരളത്തിന്റെ സഹ ചുമതല.

തമിഴ്നാടിന്റെ ചുമതല കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിക്കാണ്. നരേന്ദ്ര സിങ് തോമറിന് അസമിന്റെയും അര്‍ജുന്‍ റാം മേഘ്‌വാളിനാണ് പുതുച്ചേരിയുടെ ചുമതലയും ബിജെപി നല്‍കി. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, വി.കെ സിങ് എന്നിവര്‍ക്കാണ് അസമിന്റെയും തമിഴ്‌നാടിന്റെയും സഹചുമതല. രാജീവ് ചന്ദ്രശേഖര്‍ പുതുച്ചേരിയുടെ സഹചുമതല വഹിക്കും.

അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ നാളെ കേരളത്തിലെത്തും. മൂന്ന്, നാല് തീയതികളിലാണ് നഡ്‌ഡയുടെ കേരള സന്ദര്‍ശനം. പാര്‍ട്ടിയോഗങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പാര്‍ട്ടി മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും പങ്കെടുക്കും. നാലിന് തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും നഡ്‌ഡ പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുമാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നഡ്‌ഡ പങ്കെടുക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here