ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു; നിരാഹാരം അവസാനിപ്പിച്ചു

0

കൊച്ചി: മൂന്നു ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് രാത്രി എട്ടു മണിയോടെ കോട്ടയം എസ്.പി. വ്യക്തമാക്കിയിരുന്നു. വൈദ്യപരിശോധയ്ക്കു ശേഷം കോട്ടയത്തേക്ക് തിരിച്ച അന്വേഷണ സംഘം ശനിയാഴ്ച ബിഷപ്പിനെ പാലാ കോടതിയില്‍ ഹാജരാക്കും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങിയത്. വൈകുന്നേരം ആറോടെ അനൗദ്യോഗികമായി അറസ്റ്റില്‍ സ്ഥിരീകരണം ഉണ്ടാവുകയും വൈദ്യപരിശോധനയ്ക്ക് നടപടികളുണ്ടാവുകയും ചെയ്തു. എന്നാല്‍, പിന്നീട് കാര്യങ്ങളില്‍ മാറ്റം വരുകയും തീരുമാനങ്ങള്‍ നീളുകയുമായിരുന്നു. ഒടുവില്‍ രാത്രി എട്ടോടെ അറസ്റ്റ് വിവരം എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു.

അറസ്റ്റ് വിവരം ബിഷപ്പിന്റെ അഭിഭാഷകരെയും ബന്ധുക്കളെയും പോലീസ് രാവിലെ തന്നെ അറിയിച്ചിരുന്നു. പഞ്ചാബ് പോലീസിനും വിവരം കൈമാറി. എന്നാല്‍, അറസ്റ്റ് വിവരം സ്ഥിരീകരിക്കാന്‍ പോലീസ് തയാറായിട്ടില്ല. അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ഏഴു മണിക്കും കോട്ടയം എസ്.പി. എസ്. ഹരിശങ്കര്‍ നിഷേധിക്കുകയും ചെയ്തു. പിന്നാലെ ഐ.ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനം എസ്.പി. അറിയിച്ചത്.

തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പോലീസിനെ വിന്യസിക്കുകയും രോഗികളെ അവിടെ നിന്നും മാറ്റി നിര്‍ത്തിയുമാണ് വൈകുന്നേതം വൈദ്യ പരിശോധനയ്ക്ക് സംവിധാനം ആദ്യം ഒരുക്കിയത്. പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുയോട് ചില കാര്യങ്ങള്‍ രാവിലെ വീണ്ടും ചോദിച്ച് ഉറപ്പുവരുത്തിയിരുന്നു. മൊഴിയിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റിയാണ് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.

വെളളിയാഴ്ച രാവിലെ ഐ.ജി. വിഷയ് സാഖറെയുടെ ഓഫീസില്‍ എസ്.പി. ഹരിശങ്കര്‍ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതിയുമായാണ് എസ്.പി. ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്.

അറസ്റ്റ് ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ബിഷപ്പിന്റെ അഭിഭാഷകര്‍ ഇടക്കാല ജാമ്യത്തിനുള്ള നീക്കങ്ങള്‍ തുടങ്ങി. കൊച്ചിയിലെ സമരപന്തലില്‍ അറസ്റ്റ് വാര്‍ത്ത ആവേശം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, അറസ്റ്റില്‍ ഔദ്യോഗിക സ്ഥിരീകണമുണ്ടായാലേ ദിവസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കൂവെന്ന് സമരക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here