ഡല്‍ഹി: കൊവിഡ് വൈറസിന്റെ ബാധക്കിടെ ഡല്‍ഹിയില്‍ പക്ഷിപ്പനി ഭീതി. കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത്. നൂറിലധികം കാക്കകളെ ഡല്‍ഹി മയൂര്‍ വിഹാറിലെ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ സാമ്ബിള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന് സൂചിപ്പിച്ചു. ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങള്‍ക്കിടെ നൂറോളം കാക്കകളാണ് ഇവിടെ ചത്തത്. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്ബിളുകള്‍ എടുത്തുകൊണ്ട് പോയി എന്നും പാര്‍ക്ക് ജീവനക്കാരന് പറഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ ജമ്മുവില്‍ നൂറിലധികം കക്കകളെ ചത്തനിലയില്‍ കണ്ടെത്തി. എന്നാല്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം വ്യക്തമല്ല. കാരണം കണ്ടെത്തുന്നതിനായി പഞ്ചാബിലെ വന്യജീവി ലാബിലേക്ക് സാമ്ബിളുകള്‍ അയച്ചു. ജമ്മുവിലെ ഉദ്ധംപുര്‍, കത്തുവ, രാജൗരി എന്നീ മൂന്ന് ജില്ലകളിലാണ് കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് വന്യജീവി-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തുകയും സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു. കേരളം, മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജമ്മുവില്‍ കാക്കകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍ക്ക് രോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ജീവനുള്ള പക്ഷികളുടെയും സംസ്കരിക്കാത്ത കോഴി ഇറച്ചിയുടെയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചു.