തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരിക്കു. ഇവിടെനിന്നുള്ള സാമ്പിളുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ. രാജു വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുള്ള പ്രദേശത്തെ ഒരു കീലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലും. ഏകദേശം 38,000 ത്തോളം താറാവുകളെയാണ് കൊന്നൊടുക്കേണ്ടി വരുന്നത്. ഡിസംബർ 19 മുതലാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു കർഷകന്റെ 700 താറാവുകൾ വരെ ചത്തൊടുങ്ങിയ അവസ്ഥയുണ്ടായി. എന്നാൽ, ക്രസ്മസ് കച്ചവടത്തിനിടെ കർഷകർ ഇത് അവഗണിക്കുകയായിരുന്നു.
തൃശൂർ മണ്ണുത്തി മൈക്രോബയോളജി വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ ബാക്ടീരിയ ബാധയെന്നാണ് കണ്ടെത്തിയത്. തുടർന്ന് ഭോപാലിലേക്കയച്ച വിദഗ്ധ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾക്കല്ലാതെ മറ്റാർക്കെങ്കിലും പക്ഷിപ്പനി ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.