കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവയെ നേരിടുന്നതിനെക്കുറിച്ചും എപ്പോഴും സംസാരിക്കുന്നയാളാണ് മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്. കാലാവസ്ഥാ വ്യതിയാനം തടയാൻ താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം വിശദീകരിച്ചിരുന്നു. റെഡ്ഇറ്റ് എന്ന സമൂഹമാധ്യമത്തിൽ ‘AskMeAnything’ (എന്തും ചോദിക്കൂ) സെഷനിലായാരുന്നു ബിൽഗേറ്റ്സിന്റെ തുറന്നു പറച്ചിൽ.
അവസാനമായി നടത്തിയ സെഷന് ശേഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് താനൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഊർജത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഉള്ള തന്റെ പഠനത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വലിയ നേട്ടത്തിനായി അത് പ്രാവർത്തികമാക്കുക എന്ന കാര്യമാണ് ഇനി ചെയ്യേണ്ടത് – ബിൽ ഗേറ്റ്സ് പറഞ്ഞു.
കാർബൺ പുറം തള്ളുന്നത് കുറക്കാൻ വേണ്ടി എന്തൊക്കെ ചെയ്യാം എന്ന ചോദ്യത്തിന് ഉപയോഗം കുറക്കുക എന്നായിരുന്നു മറുപടി. കൂടുതൽ ചോദിച്ചപ്പോൾ താൻ ഇതിനായി ചെയ്യുന്ന കാര്യങ്ങളും ബിൽ ഗേറ്റ്സ് വിശദീകരിച്ചു.
കൃത്രിമ മാംസം കഴിക്കുന്നത് ആരംഭിച്ചെന്ന് പറഞ്ഞ അദ്ദേഹം ഹരിത വ്യോമയാന ഇന്ധനമാണ് വാങ്ങുന്നതെന്നും വീട്ടിൽ സോളാർ പാനലുകൾ വച്ച് ഇലക്ട്രിക് വാഹനമാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കി.
ഏത് ടെക്നോളജിയാണ് കാലവസ്ഥാ വ്യതിയാനം നേരിടാൻ സഹായിക്കുക എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കൃത്രിമ മാംസം, ഊർജ്ജ സംഭരണം, കെട്ടിട നിർമാണ വസ്തുക്കളുണ്ടാക്കുന്ന പുതിയ രീതി തുടങ്ങിയവക്കുള്ള ധാരാളം പുതിയ സാങ്കേതിക വിദ്യകൾ നമ്മുക്ക് ആവശ്യം ആണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്യമെന്ന് തോന്നിക്കുന്ന ധാരാളം ആശയങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട് എന്നും ബിൽഗേറ്റ്സ് കൂട്ടിച്ചേർത്തു.