ബാര്‍ക്കോഴ കേസില്‍ വഴിത്തിരിവ്; ബിജു രമേശിനെതിരെ തുടര്‍ നടപടിയാകാമെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സി ഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍ നടപടിയാകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത്‌ ശ്രീധരന്‍ ആണ് കേസിലെ ഹര്‍ജിക്കാരന്‍.  ബിജു രമേശ്‌ തെളിവായി ഹാജരാക്കിയ സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കോടതിയെ കബളിപ്പിക്കല്‍ ആണെന്നും കേസ് എടുത്ത് അന്വേഷണം വേണം എന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

രഹസ്യ മൊഴി നല്‍കിയപ്പോള്‍ ആയിരുന്നു എഡിറ്റഡ് സി ഡി മജിസ്ട്രേറ്റിന് കൈമാറിയത്. ചില ഭാഗങ്ങളില്‍ തെറിവാക്കുകള്‍ ഉളളതിനാല്‍ എഡിറ്റഡ് വേര്‍ഷനാണ് നല്‍കിയതെന്ന് നേരത്തെ തന്നെ പറഞ്ഞിരുവെന്നാണ് ബിജുരമേശ് പറയുന്നത്. താന്‍ അയച്ച റെക്കോര്‍ഡിംഗ് ഉപകരണം പരിശോധിച്ചില്ല. എഡിറ്റഡ് വേര്‍ഷനാണെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അതൊരു വലിയ കണ്ടെത്തലായി പറയേണ്ട കാര്യമില്ല. റെക്കോഡിംഗ് ഉപകരണം പരിശോധിക്കണം എന്നു തന്നെയാണ് ആവശ്യം. അത് പരിശോധിച്ചാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുളളവര്‍ക്ക് എതിരെ തെളിവുകള്‍ ലഭിക്കുമെന്നും ബിജു രമേശ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here