48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി, ആദ്യമണിക്കൂറുകളില്‍ കേരളം നിശ്ചലം, രാജ്യം ചലിക്കുന്നു

ന്യൂഡല്‍ഹി/തിരുവനന്തപുരം | തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ജനങ്ങളെ വലച്ചുകൊണ്ട് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും.

കേരളത്തില്‍ പണിമുടക്ക് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഹര്‍ത്താലിന്റെ രൂപത്തിലാണ് തുടങ്ങിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയിട്ടല്ല. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമായതോടെ സാധാരണ ജീവിതം ദുസഹമായി. പലസ്ഥലങ്ങളിലും ജോലിക്കു പോയവരെ തടയുന്നതിന്റെയും വാഹങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും വാര്‍ത്തകളാണ് പുറത്തേക്കു വരുന്നത്. ഭുരിഭാഗം പ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും.

ഡല്‍ഹി, മുംബൈ അടക്കമുള്ള മെട്രോ നഗരങ്ങള്‍ പണിമുടക്കിനോട് മുഖം തിരിക്കുന്നതിന്റെ ചിത്രവും ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here