രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ പരക്കെ അക്രമം; തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ബിജെപി പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചതെന്ന് പരാതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പരക്കെ അക്രമം. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കേശ്പുര്‍ സ്വദേശിയായ 40കാരനായ ഉത്തം ദോലയാണ് കുത്തേറ്റുമരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തം ദോലയുടെ വയറിനാണ് കുത്തേറ്റത്. മാരകമായി പരിക്കേറ്റ ഉത്തം ദോല ഉടന്‍ തന്നെ മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ഹരിഹര്‍ചക് പ്രദേശത്ത് ആശങ്ക വര്‍ധിച്ചു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന മിക്കയിടങ്ങളിലും ബിജെപി പരക്കെ അക്രമം നടത്തുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു. ബൂത്തുകള്‍ കൈയേറി പോളിങ് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയതായും ബൂത്ത് പിടിച്ചെടുത്ത് ബിജെപി ഗുണ്ടകള്‍ വോട്ടെടുപ്പ് തടസപ്പെടുത്തുന്നതായും തൃണമൂല്‍ ആരോപിച്ചു.

ദെബ്‌ര ബിജെപി സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി തൃണമൂല്‍ ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിനെതിരെയാണ് ആരോപണം. ബുധനാഴ്ച മുതല്‍ ബിജെപി പണം വിതരണം ചെയ്ത് തുടങ്ങിയെന്നും കേന്ദ്രസേനകളോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ദെബ്‌ര മണ്ഡലത്തിലെ നൗപാരയിലെ 22ാം ബൂത്തില്‍ ബിജെപിയുടെ പോളിങ് ഏജന്റിനെ 150ഓളം തൃണമൂല്‍ ഗുണ്ടകള്‍ വളഞ്ഞിരിക്കുകയാണെന്നും പോളിങ് ബൂത്തില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും ഭാരതി ഘോഷ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here