പരിക്ക് തടസ്സമല്ല; വീൽചെയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങി മമത ബാനർജി

കൊൽക്കത്ത: കാലിലെ പരിക്ക് വകവയ്ക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആരംഭിക്കാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായിരിക്കെയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമതയ്ക്ക് കാലിന് പരിക്കേൽക്കുന്നത്

നന്ദീഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറച്ച് ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കണങ്കാലിൽ ഗുരുതര പരിക്കേറ്റ മമത, നിർബന്ധപൂർവം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ഡോക്ടർമാർ സമ്പൂർണ്ണ വിശ്രമം നിർദേശിച്ചിരുന്നുവെങ്കിലും ഇവർ അത് വകവയ്ക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

കാലില്‍ പരിക്കുള്ളതിനാൽ വീൽചെയറിലാകും തൃണമൂൽ അധ്യക്ഷ പ്രചാരണ ചടങ്ങുകൾക്കെത്തുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗാന്ധി മൂർത്തിയിൽ നിന്നു ഹസ്രയിലേക്ക് റോഡ് ഷോ നടത്തുമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്. ഇതിനു ശേഷം ഹസ്രയിൽ ഒരു പൊതുറാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മമതയ്ക്ക് നേരെ അതിക്രമം അരങ്ങേറിയത്. നന്ദീഗ്രാമിൽ നിന്നും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്ന മമത, ബിറുലിയയിൽ ജനങ്ങളുമായി സംവദിച്ച ശേഷം ഒരു ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ മടങ്ങുന്ന വഴിയാണ് ആക്രമണം നടന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ട്.

ഡോർ തുറന്ന് കാറിന് സമീപത്ത് നിൽക്കുകയായിരുന്നു മമത. പെട്ടെന്ന് കുറെ ആളുകൾ അവർക്കരികിലെത്തി കാറിന്‍റെ ഡോർ അവരുടെ അടുത്തേക്ക് തള്ളി. താഴേക്ക് വീണ മമതയുടെ ഇടതുകാലിൽ ഡോർ വന്നടിക്കുകയായിരുന്നു’. എന്നായിരുന്നു ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട്.

കണങ്കാലിന് ഗുരുതര പരിക്കേറ്റ നിലയിലാണ് ഇവരെ കൊൽക്കത്ത എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നല്ല രീതിയിൽ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പങ്കെടുക്കുമ്പോൾ വീൽച്ചെയറിന്‍റെ സഹായം തേടണമെന്നും അറിയിച്ചിരുന്നു വരുന്ന കുറച്ച് ദിവസത്തേക്ക് മമതയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വിലയിരുത്താൻ നാലംഗ ഡോക്ടർമാരുടെ മെഡിക്കൽ പാനലും സജ്ജമാക്കിയിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here