തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ തള്ളി ബാറുടമകളുടെ സംഘടന. ഉടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്ന് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞു. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും അദ്ദേഹത്തിന്റെ ആരോപണം വ്യക്തിപരമാണെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു. ഇതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ച്യെയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.