കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്ഡഗ്രസ്. നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹത്തിന്റെ പങ്കെടുത്ത ചില പരിപാടികള്‍ വോട്ടിങ് രീതിയെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മാര്‍ച്ച് 28 ന് നല്‍കിയ കത്ത് ചൊവ്വാഴ്ചയാണ് തൃണമൂല്‍ പുറത്തുവിട്ടത്. മാര്‍ച്ച് 26നാണ് രണ്ടു ദിവസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി പുറപ്പെട്ടത്. ബംഗ്ലദേശിലെത്തിയ മോദി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷികത്തിലും ഷെയ്ഖ് മുജിബുള്‍ റഹമാന്റെ ജന്മശതാബ്ദി ആഘോഷത്തിലും പങ്കെടുത്തിരുന്നു.

ഈ സന്ദര്‍ശത്തിനെതിരെ തൃണമൂല്‍ വക്താവും രാജ്യസഭ അംഗവുമായ ഡെറക് ഒബ്രയന്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനം ജനാധിപത്യ ധാര്‍മ്മികതയുടെയും പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനമാണെന്നും കത്തില്‍ പറയുന്നു. ‘ഞങ്ങള്‍ മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തില്‍ എതിര്‍ക്കുന്നില്ല. ബംഗ്ലദേശ് വിമോചനത്തില്‍ ഇന്ത്യ നിര്‍ണായക പങ്കു വഹിച്ചു. പ്രത്യേകിച്ചും പശ്ചിമ ബംഗാള്‍ വലിയ പങ്കു വഹിച്ചു. എന്നാൽ മാര്‍ച്ച 27ന് ബംഗ്ലദേശിലെ മോദിയുടെ പരിപാടികളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷികവുമായോ ബംഗബന്ദുവിന്റെ ജന്മശതാബ്ദിയുമായി യാതോരു ബന്ധവുമില്ല. പശ്ചിമ ബംഗാളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് രീതിയെ സ്വീധീനിക്കാന്‍ മാത്രമാണുള്ളതാണ്’ ഒബ്രയന്‍ കത്തില്‍ പറയുന്നു.

ഒരു പ്രധാനമന്ത്രിയും ജനാധിപത്യ വിരുദ്ധമായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയും വിദേശ മണ്ണില്‍ നിന്നുകൊണ്ട് തന്റെ പാര്‍ട്ടിക്കായി പരോക്ഷമായി പ്രചാരണ പരിപാടികള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി ജെ പി എം പിയായ സന്താനു താക്കൂറിനൊപ്പം മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തെളിയിക്കപ്പെടുന്നുവെന്ന് തൃണമൂല്‍ നേതാവ് ആരോപിച്ചു.

പ്രധാനമന്ത്രിയെ അനുഗമിക്കാനായി തൃണമൂലില്‍ നിന്നോ മറ്റു പാര്‍ട്ടികളില്‍ നിന്നോ ഒരു എംപിയെയോ പ്രതിനിധിയെയോ ക്ഷണിച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാന്‍ മോദി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതിനിടെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ അവകാശപ്പെട്ടിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിലെ മുപ്പത് സീറ്റുകളിൽ 26 എണ്ണവും ബിജെപി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ബിജെപിശൂന്യമായിരിക്കുമെന്ന് അറിയിച്ചത്. ചാന്ദിപുരിൽ നടന്ന പ്രചരണ റാലിക്കിടെയാണ് ബിജെപി നേതാവിന്‍റെ അവകാശ വാദങ്ങൾക്ക് തൃണമൂൽ അധ്യക്ഷ മറുപടി നൽകിയത്.

മുപ്പത് സീറ്റുകളും ജയിക്കുമെന്ന് എന്തു കൊണ്ടാണ് ബിജെപി പറയാത്തത് അതോ ആ സീറ്റുകൾ കോൺഗ്രസിനും സിപിഎമ്മിനുമായി ഒഴിഞ്ഞ് നൽകിയോ. നിങ്ങൾക്ക് ഇവിടെ നിന്നും ഒരു വലിയ ‘രസഗുള'(സീറോ) ലഭിക്കും എന്നായിരുന്നു മമതയുടെ വാക്കുകൾ. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ബിജെപി ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെയും മമത ചോദ്യം ചെയ്തു. ഒപ്പം അടുത്തഘട്ടങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ നിഷ്പക്ഷതയും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് ബിജെപിക്ക് വോട്ട് ചെയ്യിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here