ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം, സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു, ബസ് കത്തിച്ചു

കൊല്‍ക്കത്ത: നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ പലയിടങ്ങളിലും സംഘര്‍ഷം. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുനേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സല്‍മോനിയില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കുനേരെ ആക്രമണമുണ്ടായി. ഇവിടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി പി എം ആരോപിക്കുന്നത്.

മറ്റുചിലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. പൂര്‍ബ മിഡ്നാപൂര്‍ ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജംഗള്‍ മഹല്‍ പ്രദേശത്ത് അക്രമികള്‍ ഒരു ബസ് കത്തിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കാനുള്ള ബസാണ് കത്തിച്ചത്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. നക്‌സല്‍ ഭീഷണി ശക്തമായിരുന്ന ഈ പ്രദേശം നേരത്തെ ഇടതു കോട്ടയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് മമതയ്ക്കൊപ്പം നിന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 6ല്‍ 5 സീറ്റും ബിജെപി നേടി. അതോടെ ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായി.

അതിനിടെ തിരഞ്ഞടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബാന്‍കുറപ്രദേശത്ത് ബി ജെ പിക്കുവേണ്ടി പണിയെടുക്കുന്ന പൊലീസ്, വോട്ടര്‍മാരെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും ഓടിക്കുകയാണെന്നാണ് തൃണമൂലിന്റെ ആരോപണം. ചില പ്രദേശങ്ങളില്‍ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ബി ജെ പി ബൂത്ത് പിടിക്കുകയാണെന്നും ആരോപണമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6.30വരെ നീളും. റെക്കാഡ് പോളിംഗാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പത്തുമണിയായപ്പോള്‍ തന്നെ 15 ശതമാനത്തിലേറെ പോളിംഗ് നടന്നു . പലയിടങ്ങളിലും ബൂത്തുകള്‍ക്കുമുന്നില്‍ വന്‍ ക്യൂവാണ്. ബംഗാളിലെ ആദിവാസി മേഖല ഉള്‍പ്പെടുന്ന അഞ്ചു ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here