കൊച്ചി: തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതയായ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇവർക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം തുടരുന്നതിനാൽ യുവതിയുടെ ജാമ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ എതിർക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ജനുവരി നാലിനാണ് പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്. സംസ്ഥാനത്ത് അമ്മ പ്രതിയായി വരുന്ന ആദ്യത്തെ പോക്സോ കേസ് കൂടിയായിരുന്നു ഇത്. അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്യുകയായിരുന്നു മാതാവിന്റെ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ട വിവരം 17 വയസുള്ള മൂത്ത മകൻ പിതാവിനെ വിളിച്ചു അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. തുടർന്ന് വിദേശത്തുള്ള പിതാവ് കുട്ടികളെ ഭാര്യയുടെ അടുത്തുനിന്ന് കൊണ്ടുവന്നു.
13 വയസുള്ള രണ്ടാമത്തെ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ മകനെ പീഡിപ്പിച്ചതായി വിവരം പുറത്തുവരുന്നത്. അഞ്ചാം ക്ളാസ് പഠിക്കുന്ന സമയം മുതൽ പിതാവ് കൊണ്ടുവന്ന കാലം വരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പരാതി.
തുടർന്ന് ഭർത്താവ് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ കൗൺസിലിങ്ങിൽ കുട്ടി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. രാത്രി കാലങ്ങളിൽ അമ്മ മോശമായി പെറുമാറാറുണ്ടെന്ന് കുട്ടി പറഞ്ഞതിനെത്തുടർന്ന് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്സോ റിപ്പോർട്ട് പ്രകാരം യുവതിയെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്.
അതേസമയം സംഭവത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗങ്ങളും എത്തിയതോടെ സംഭവത്തിൽ ദുരൂഹതയും ഉയർന്നിരുന്നു. പിതാവിനെതിരെ ഇളയമകൻ രംഗത്തെത്തിയതാണ് ആദ്യം സംശയങ്ങൾക്കിടയാക്കിയത്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നു എന്നായിരുന്നു കുട്ടി പറഞ്ഞത്. ഇവരുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്ന് യുവതിയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
ഇരുവരും തമ്മിൽ പ്രണയവിവാഹം ആയിരുന്നു. എങ്കിലും ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതോടെ യുവതി വീടുവിട്ടിറങ്ങി മൂന്ന് വർഷമായി വേർപിരിഞ്ഞാണ് താമസമെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. തുടർന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോവുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്ക്കെതിരെ കേസും തുടർന്ന് അറസ്റ്റും ഉണ്ടായത്.
നിയമപരമായി വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നായിരുന്നു ആക്ഷേപം.