തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം, സുന്നി വഖഫ് ബോര്‍ഡിന് പകരം 5 ഏക്കര്‍ ഭൂമി

0
10

ഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം അനുവദിച്ചുകൊണ്ടും സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കികൊണ്ടും സുപ്രീം കോടതിയുടെ ചരിത്ര വിധി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കാതിരുന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടാണ് സുപ്രീം കോടതിയുടെ വിധിന്യായം പുറപ്പെടുവിച്ചത്. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥാവകാശം തീരുമാനിക്കാനാവില്ലെന്നും കോടതി പറഞ്ഞുവച്ചു.

വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ തര്‍ക്കഭൂമിക്ക് പുറത്ത് സുന്നി വഖഫ് ബോര്‍ഡിന് അവര്‍ക്കു കൂടി താല്‍പര്യമുള്ള ഭൂമി കണ്ടെത്തി നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്. മൂന്നു മാസത്തിനുള്ളില്‍ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ് ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളെ തള്ളികളയാനില്ലെന്നു ൃപറഞ്ഞ കോടതി പള്ളി സ്ഥിതി ചെയ്യുന്നത് ഹൈന്ദവ നിര്‍മ്മിതിക്കു മുകളിലാണെന്നു വ്യക്തമാക്കി. എന്നാല്‍ ഇത് ക്ഷേത്രമാണെന്നതിനു തെളിവില്ല.

പള്ളിക്കുള്ളിലാണ് മുസ്ലീങ്ങള്‍ നമസ്‌കാരം നടത്തിയിരുന്നത്. പള്ളി മുസ്ലീങ്ങള്‍ ഒരു കാലത്തും ഉപേക്ഷിച്ചിരുന്നില്ല. രേഖകള്‍ പ്രകാരം 1857 നു മുമ്പ് പള്ളിക്ക് ഉള്ളില്‍ പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദുക്കള്‍ക്ക് തടസ്സമുണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാമന്റെ ജന്മസ്ഥലത്തിന് നിയമപരമായ വ്യക്തിത്വമില്ല. എന്നാല്‍ രാമന് നിയമപരമായ വ്യക്തിത്വമുണ്ട്. നിര്‍മോഹി അഖാഡയ്ക്ക് നടത്തിപ്പിന്റെ ചുമതല മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയ കോടതി പുരോഹിത വൃത്തിക്കുള്ള അവകാശമില്ലെന്നും അവരുടെ ഹര്‍ജി കാലഹരണപ്പെട്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here