- അയോധ്യയുടെ സുരക്ഷാ ചുമതലയ്ക്ക് നാലായിരം കേന്ദ്ര പോലീസ് സേനാംഗങ്ങളെ കൂടി നിയോഗിച്ചു. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാ സൈനികര്‍ക്കു സൗകര്യമൊരുക്കാന്‍ ഇരുന്നുറോളം സ്കൂളുകള്‍ ഒഴിപ്പിച്ചു. 20 താല്‍ക്കാലിക ജയിലുകളും ഇവിടെ തുറന്നു.
- മതസ്പര്‍ദ്ദയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്കി. സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും നിരീക്ഷണത്തിലായിരിക്കും. ഇതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സേവനം തേടും.
- വിധി എന്തുതന്നെയായാലും സമാധാനത്തോടെ നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ വിധിയെ സമാധാനത്തോടെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
ഡല്‍ഹി: അയോധ്യാ കേസില്‍ ശനിയാഴ്ച സുപ്രീം കോടതി വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയും.
രഞ്ജന്‍ ഗൊഗോയ്ക്കു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി ചീഫ് ജസ്റ്റിസ് ഇന്ന് കൂടിക്കാഴ്ച നടത്തി ക്രമസമാധാന സാഹചര്യവും മുന്നൊരുക്കങ്ങളും ആരാഞ്ഞിരുന്നു. വിധി പ്രസ്താവത്തിനുശേഷം ചീഫ് ജസ്റ്റിസ് ശനിയാഴ്ച ഗുവാഹട്ടിയിലേക്കു പോകുമെന്നാണ് റിപ്പോര്‍ട്ട്. 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാനായിരുന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തു അപ്പീലുകളിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.