അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പാലക്കാട് കലക്ടര്‍ക്ക് കൈമാറി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരില്‍ തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരുടെ ഡി എന്‍ എ ഫലവും ഇതിനൊപ്പം സമര്‍പ്പിച്ചു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡി എന്‍ എ ഫലത്തില്‍ പറയുന്നത്. അന്ന് കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര് കാര്‍ത്തിക്, മണി വാസകം എന്നിവരാണെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28, 29 തീയതികളിലാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിവപ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. ഡി എന്‍ എ, ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ചതോടെ കലക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിച്ചേക്കും. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട രണ്ടു മാവോയിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി. കെ.വി. സന്തോഷ്കുമാന്റെ നേതൃത്വത്തിലുള്ള അന്വേഷണവും അവസാനഘട്ടത്തിലാണ്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടുവെന്ന് സംശയിക്കുന്ന 2 മാവോയിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രധാനമായി ഇനി പൂർത്തിയാക്കാനുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖാണ് അന്വേഷണ ഉദ്യോഗസ്ഥൻ.