എ.ടി.എം. കവര്‍ച്ച: ഏഴംഗ സംഘം ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടു

0

കൊച്ചി: തൃശൂര്‍, എറണാകുളം ജില്ലകളില്‍ പ്രധാന റോഡരികിലെ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിനു പിന്നില്‍ ഏഴംഗ സംഘമെന്ന് സൂചന. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച് സ്‌കൂളിനു പിന്നില്‍ നിന്ന് ഏഴു പേര്‍ നടന്നു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതേ പ്രദേശത്തുതന്നെയാണ് പോലീസ് നായയും എത്തി നിന്നത്.

ചാലക്കുടിയില്‍ നിന്ന് പാസഞ്ചറില്‍ തൃശൂരില്‍ എത്തിയശേഷം ഇവിടെ നിന്നും ധന്‍ബാദ് എക്‌സ്പ്രസില്‍ സംഘം കേരളം വിട്ടുവെന്നാണ് നിഗമനം. പ്രഫഷണല്‍ സംഘമാണ് മോഷണത്തിനു പിന്നിലെന്ന് തൃശൂര്‍ റൂറല്‍ എസ്.പി. വ്യക്തമാക്കി.

ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് കൊരട്ടി പ്രസ്സിനു മുന്‍വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയോടു ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചതിനുശേഷമാണ് കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. 10,86,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മില്‍ നിന്ന് രാത്രി 11.30നാണ് അവസാനമായി പണം പിന്‍വലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാത്രി പതിനൊന്നരയ്ക്കും പുലര്‍ച്ചെ 3.30നും ഇടയ്ക്കാണു മോഷണമെന്നാണു പ്രാഥമിക നിഗമനം. ഷട്ടര്‍ അടച്ചിട്ട ശേഷമായിരുന്നു എടിഎം മെഷിന്‍ തകര്‍ത്ത് പണം കവര്‍ന്നത്.

രണ്ടിടത്തും നടന്ന മോഷണങ്ങള്‍ സമാന രീതിയിലുള്ളതായതിനാല്‍ ഒരേ സംഘം തന്നെയാണെന്നു കവര്‍ച്ചയ്ക്കു പിന്നിലെന്നു കരുതുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പറഞ്ഞു.ഇതിന് പിന്നാലെയാണ് കോട്ടയം മോനിപ്പള്ളിയിലും വെമ്പള്ളിയിലും സമാനമായ രീതിയില്‍ മോഷണശ്രമങ്ങള്‍ നടന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here